റോം: ആഗോളതലത്തിൽ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നു. 204 രാജ്യങ്ങളിലായി 1,003,834 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53,167 ആയി. 24 മണിക്കൂറിനുള്ളിൽ നാലായിരത്തിലേറേ പേർ മരിച്ചു.
2,10,500 പേർക്ക് ഇതുവരെ രോഗം ഭേദമായി. രോഗബാധയുടെ കാര്യത്തിൽ മറ്റേതൊരു രാജ്യത്തേക്കാളും വേഗമാണ് അമേരിക്കയിൽ. യുഎസിൽ 237,497 പേർക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചു.
24 മണിക്കൂറിനിടെ 1,169 പേരാണ് അമേരിക്കയിൽ മരിച്ചത്. മാര്‍ച്ച് 27ന് ഇറ്റലിയില്‍ 969 പേര് മരിച്ചതായിരുന്നു ഇതുവരെ ഒരു ദിവസമുണ്ടായ ഏറ്റവുമധികം മരണം.
അമേരിക്കയിലും യൂറോപ്പിലും ദ്രുതഗതിയിലാണ് രോഗംപടരുന്നത്. ഇറ്റലിയിൽ മരണം 13,915 ആയി. സ്പെയിനിൽ 10,096 പേരും അമേരിക്കയിൽ 5,926 പേരും മരിച്ചു. ഫ്രാൻസിൽ മരണം 4,500 പിന്നിട്ടു.
അതേസമയം, വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ വ്യാഴാഴ്ച ആറ് പേർ മാത്രമാണ് മരണപ്പെട്ടത്. ആകെ മരണം 3,318 ആയി.
രോഗബാധിതരായത് മുപ്പതിനായിരത്തോളംപേരാണ്.
ഇറ്റലിയിൽ രോഗികളുടെ എണ്ണം 1.15 ലക്ഷവും സ്പെയിനിൽ 1.10 ലക്ഷവും പിന്നിട്ടു. ജർമനിയിൽ 84,794 പേർക്കും ഫ്രാൻസിൽ 59,105 പേർക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഇന്ത്യയിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുതിക്കുകയാണ്. വ്യാഴാഴ്ച 235 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 2069 ആയി. കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 54 പേർ മരിച്ചു.