കാസര്‍ഗോഡ്: രണ്ട് മാധ്യമപ്രവര്‍ത്തകരുടെ അടുത്ത ബന്ധുക്കള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരും കോവിഡ് ഭീതിയില്‍.
കഴിഞ്ഞ ദിവസങ്ങളില്‍ സ്പെഷല്‍ ഓഫീസര്‍ അല്‍കേഷ് കുമാര്‍ ശര്‍മ, ഐജി വിജയ് സാഖറെ, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ വിളിച്ച വാര്‍ത്താസമ്മേളനങ്ങളിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ശേഖരണത്തിലും ഈ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
സ്വന്തം വീട്ടില്‍ തന്നെയുള്ള അടുത്ത ബന്ധുക്കള്‍ നിരീക്ഷണത്തിലിരിക്കെയാണ് ഇവര്‍ പുറത്തുപോയി മറ്റുള്ളവര്‍ക്കൊപ്പം പരിപാടികളില്‍ പങ്കെടുത്തത്.
പ്രാദേശിക ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ മകനും പ്രാദേശിക പത്രത്തിലെ റിപ്പോര്‍ട്ടറുടെ അടുത്ത ബന്ധുവിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് രണ്ട് മാധ്യമപ്രവര്‍ത്തകരുടെയും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഇക്കാര്യം ഇന്നലെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും സൂചിപ്പിച്ചിരുന്നു. ഫലം ഇന്നോ നാളെയോ അറിയാനാകുമെന്നാണ് പ്രതീക്ഷ. ഇരുവരുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ള മറ്റു മാധ്യമപ്രവര്‍ത്തകരോട് ഇപ്പോള്‍ തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ജില്ലാ കൊറോണ കണ്ട്രോള് സെല്ലില്‍ നിന്ന് വിളിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചാല്‍ നിരീക്ഷണത്തിലുള്ളവരുടെയും സാമ്പിളുകള്‍ ശേഖരിച്ച് അയക്കേണ്ടിവരും. ഇതോടെ സ്പെഷല്‍ ഓഫീസറും ഐജിയും കളക്ടറും അടക്കമുള്ളവരും നിരീക്ഷണത്തിലാകും