കുമരകം: ഇല്ലിക്കൽ – തിരുവാർപ്പ് റോഡ് ഇടിഞ്ഞു മീനച്ചിലാറ്റിലേക്കു പതിച്ചതോടെ ആരംഭിച്ച താല്കാലിക റോഡുനിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഇന്നലെ താൽക്കാലിമായി റോഡ് നിർമിക്കുന്ന സ്ഥലത്ത് നില്ക്കുന്ന മരങ്ങൾ ഉൾപ്പെടെയുള്ള വെട്ടിമാറ്റുകയും ജെസിബി ഉപയോഗിച്ചു വഴികൾ തെളിക്കുകയുമാണ് ചെയ്തത്.
ഇന്നു രാവിലെ മുതൽ വീണ്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാറ വേസ്റ്റ് ഇറക്കി പൊക്കി ടാർ ചെയ്താണു വലിയ വാഹനങ്ങൾക്ക് ഗതാഗതയോഗ്യമായ റോഡു നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പാണ് അഞ്ചു മീറ്റർ വീതിയിൽ 100 മീറ്റർ നീളത്തിൽ താല്കാലിക റോഡ് ഉടൻ നിർമിക്കുന്നത്.
താൽക്കാലിക റോഡ് നിർമിക്കുന്ന സ്ഥലത്തുള്ള കൈത്തോടും പാറമട വേസ്റ്റിട്ട് ഉയർത്തും. സുമനസുകളായ നാലു വീട്ടുകാർ ഒരു വർഷത്തേക്കു തങ്ങളുടെ പുരയിടം വിട്ടുനൽകിയതോടെയാണ് റോഡു നിർമാണത്തിനു വഴിതുറന്നത്. ജില്ലാ കളക്ടർ, വി.എൻ. വാസവൻ, തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാൻ, പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, കുമരകം സിഐ ബാബു സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്ത യോഗത്തെ തുടർന്നാണ് നിർമാണം ആരംഭിച്ചത്.
തിരുവാർപ്പ് പഞ്ചായത്തിലെ ആയിരക്കണക്ക് ഏക്കർ പാടങ്ങളിൽ കൊയ്ത്ത് നടന്നുകൊണ്ടിരിക്കുകയാണ്. റോഡു നിർമാണം നടത്തിയാലേ നെല്ല് സംഭരണം പുനരാരംഭിക്കാനാകു എന്നതാണ് ഏറെ പ്രാധാന്യമുളള കാര്യം. 60 മീറ്റർ നീളം റോഡാണ് ആറ്റിൽ പതിച്ചത്. 130 മീറ്റർ നീളം റോഡ് ആറിന്റെ തീരത്താണ്.
ആദ്യഘട്ടത്തിൽ 80 മീറ്റർ നീളം കോണ്ക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കാൻ ഒന്നരക്കോടി രൂപ പൊതുമരാമത്ത് മന്ത്രി അനുവദിച്ചെന്ന് തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാൻ പറഞ്ഞു. സുരേഷ് കുറുപ്പ് എംഎൽഎ, തോമസ് ചാഴികാടൻ എംപി എന്നിവരുടെ ഇടപെടലാണ് സംരക്ഷണഭിത്തിയുടെ നിർമാണത്തിന് സഹായമായത്.
കൂർക്ക കാലായിൽ അഷറഫ് പി. ഹംസ, മുണ്ടുചിറയ്ക്കൽ ഷാജി, ചേരിക്കൽ കുഞ്ഞുമറിയമ്മ, ചേരിക്കൽ പി.കെ. സഫറത്തുള്ള എന്നിവരാണ് താല്കാലിക റോഡ് നിർമാണത്തിന് പുരയിടം വിട്ടുനൽകിയത്.