ലോകത്തെ ഏറ്റവും വലിയ കായികമേളയാണ് ഒളിന്പിക്സ്. നമ്മുടെ രാജ്യം ഒളിന്പിക്സിൽ പങ്കെടുക്കാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പൂർത്തിയാവുന്നു.
ബ്രിട്ടീഷ്-ഇന്ത്യൻ അത്ലറ്റ് നോർമാൻ പ്രിച്ചാർഡ് 1900 പാരീസ് ഒളിന്പിക്സിൽ ഇരുന്നൂറ് മീറ്റർ ഹർഡിൽസ്, ഇരുന്നൂറ് മീറ്റർ എന്നിവയിൽ വെള്ളിമെഡലുകൾ നേടുകയുണ്ടായി. ഈ മെഡലുകൾ നേടിയ പ്രിച്ചാർഡിന്റെ പൗരത്വത്തെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു.
ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക് ഫെഡറേഷൻ അഥവാ ഐഎഎഎഫ്, പ്രിച്ചാർഡിനെ ബ്രിട്ടീഷുകാരനായി അടയാളപ്പെടുത്തുന്പോൾ, ഇന്റർനാഷനൽ ഒളിന്പിക്സ് കൗണ്സിൽ (ഐഒസി.) പ്രിച്ചാർഡ് ഇന്ത്യക്കുവേണ്ടി മത്സരിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അങ്ങനെ പ്രിച്ചാർഡിന്റെ ഒളിന്പിക്സ് പ്രവേശനവും, അദ്ദേഹത്തിന്റെ നേട്ടവും വിവാദമായത്തന്നെ നിലനിൽക്കുന്നു. എന്നാൽഒരു ടീം എന്ന നിലയിൽ ഇന്ത്യ ഒളിന്പിക്സിൽ പങ്കെടുത്തത് 1920 ലെ ആന്റ്വെർപ് (ബെൽജിയം) ഒളിന്പിക്സിലാണ്. അങ്ങിനെ ഇന്ത്യയുടെ ഒളിന്പിക്സ് പ്രവേശനത്തിന് 2020ൽ ഒരു നൂറ്റാണ്ട് തികയുകയാണ്.
1918 ൽ ഒന്നാം ലോകയുദ്ധം അവസാനിച്ചപ്പോൾ മുടങ്ങിപ്പോയ ഒളിന്പിക്സ് 1920ൽ വീണ്ടും പുനർജനിച്ചു. (ഒന്നാം ലോകയുദ്ധത്തെ തുടർന്ന് 1916 ലെ ബർലിൻ ഒളിന്പിക്സ് നടന്നിരുന്നില്ല).
1919ൽ പൂനയിലെ ഡക്കാൻ ജിംഖാനയിൽ ചേർന്ന കായികമേളയുടെ സമാപന യോഗത്തിൽ ജിംഖാനയുടെ പ്രസിഡന്റ് സർ ദൊറാബ്ജി റ്റാറ്റയാണ് 1920 ലെ ഒളിന്പിക്സിൽ ഇന്ത്യൻ സാന്നിധ്യം ഉണ്ടാകണമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. കൊളോണിയൽ ഇന്ത്യയിലെ അറിയപ്പെടുന്ന വ്യവസായിയും സന്പന്നനുമായിരുന്നു ദൊറാബ്ജി റ്റാറ്റ.
ആദ്യ ഇന്ത്യൻ ടീം
ബോംബെ പ്രസിഡൻസിയുടെ ഗവർണർ ആയിരുന്ന ലോയിഡ് ജോർജിനോട് 1920 ലെ ഒളിന്പിക്സിൽ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പാക്കാൻ ശ്രമം നടത്തണമെന്ന് ദൊറാബ്ജി അഭ്യർഥിച്ചിരുന്നു. ദൊറാബ്ജി റ്റാറ്റയുടേയും ലോയിഡ് ജോർജിന്റെയും ശ്രമത്തെ തുടർന്ന് ഐഒസി ഇന്ത്യക്ക് ഒളിന്പിക്സിൽ മത്സരിക്കാനുള്ള അനുമതി നൽകി.
ഒളിന്പിക്സിൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കിയതോടെ മത്സരിക്കാനുള്ള ഇന്ത്യൻ കായികതാരങ്ങളെ തിരഞ്ഞെടുക്കുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. ഇതിനായി 1920 ഏപ്രിലിൽ പൂനയിൽ കായികതാരങ്ങളുടെ ഒരു ട്രയൽ മത്സരം നടത്തി. ട്രയൽ മത്സരത്തെ തുടർന്ന് താഴെ പറയുന്ന കായികതാരങ്ങളെ ഒളിന്പിക്സിൽ മത്സരിക്കാനായി തിരഞ്ഞെടുത്തു.
പി.സി. ബാനർജി (ബംഗാൾ, ഓട്ടം), പി.ഡി. ചൗഗുലെ (ബൽഗാം കർണാടക, പതിനായിരം മീറ്റർ, മാരത്തണ്), സദാശിവ് ദാട്ടർ (സത്താറ, മഹാരാഷ്ട്ര, ആയിരം മീറ്റർ, മാരത്തണ്), കെ. കൽക്കാഡി, (ഹുബ്ലി, കർണാടക, 5000 മീറ്റർ, 10000 മീറ്റർ), എം. ഷിൻഡേ (കോലാപ്പൂർ, ഗുസ്തി), ജി.നവാലേ (ബോംബെ, ഗുസ്തി), ടീമിന്റെ മാനേജരായി സൊഹ്റാബ് എച്ച്. ഭൂട്ടിനെ തെരഞ്ഞെടുത്തു.
സാന്പത്തിക സ്രോതസുകൾ
ഇന്ത്യൻ കായികതാരങ്ങളുടെ യാത്രക്കായുള്ള പണം മൂന്ന് സ്രോതസുകളിൽനിന്നാണ് ശേഖരിക്കപ്പെട്ടത്. സോറാബ്ജി റ്റാറ്റ 8000 രൂപ സംഭാവന നൽകിയപ്പോൾ, ഇന്ത്യൻ ഗവണ്മെന്റ് 6000 രൂപയും, സ്പോർട്സിൽ തത്പരരായ ബോംബെയിലെ പാഴ്സി സമുദായത്തിൽ പെട്ട വ്യവസായികൾ 7000 രൂപ സംഭാവന നൽകി. അങ്ങനെ ഭൂപടത്തിലില്ലാത്ത ഒരു രാജ്യത്തിന്റെ പ്രതിനിധികളായി; ഒരു ജനതയുടെ ഒളിന്പിക്സ് സ്വപ്നങ്ങൾ യാഥാർഥ്യമായി.
1920 ഒളിന്പിക്സിൽ ഇന്ത്യ
ഇന്ത്യൻ കായികരംഗം ശൈശവാവസ്ഥയിൽ ആയിരുന്ന ഒരു ഘട്ടത്തിലാണ് 1920 ലെ ഒളിന്പിക്സ് അരങ്ങേറിയത്. അത്ലറ്റിക്സിൽ യാതൊരു നേട്ടവും ഇന്ത്യക്കുണ്ടായില്ല. എന്നാൽ, ഗുസ്തിയിൽ ജി.നവാലെ സെമിഫൈനൽ വരെ എത്തി. സെമിഫൈനലിൽ പൊരുതി തോറ്റ നവാലെക്ക് നാലാം സ്ഥാനം ലഭിച്ചു.
ഗുസ്തിയിൽ നാലാം സ്ഥാനം ലഭിച്ച കായിക താരങ്ങൾക്ക് മെഡൽ നൽകുന്ന സന്പ്രദായം അന്ന് ഉണ്ടായിരുന്നില്ല. ചുരുക്കത്തിൽ ശൂന്യരായാണ് ഇന്ത്യൻ ടീം ഒളിന്പിക്സിൽനിന്നു മടങ്ങിയത്. പക്ഷേ അന്താരാഷ്ട്ര കായികരംഗത്ത് ഇന്ത്യ സാന്നിധ്യമറിയിച്ച വർഷമായിരുന്നു 1920.
ഇതിനുശേഷം ദീർഘവീക്ഷണമുള്ള അന്നത്തെ ഇന്ത്യൻ ടീം മാനേജർ സൊറാബ്ജി ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തി. ഒളിന്പിക്സിൽ ഇന്ത്യക്ക് സാധ്യതയുള്ള രണ്ട് ഇനങ്ങൾ ഹോക്കിയും ഗുസ്തിയും എന്നതായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഈ നിരീക്ഷണം പിന്നീട് യാഥാർഥ്യമായി.
ഇന്ത്യയുടെ ഒളിന്പിക്സ് മെഡലുകളിൽ പത്തെണ്ണം ഇന്ത്യൻ ഹോക്കി ടീം സമ്മാനിച്ചതാണ് (എട്ട് സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം). സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വ്യക്തിഗത മെഡൽ സമ്മാനിച്ചത് ജാദവ് എന്ന ഗുസ്തി താരമാണ്. ഹെൽസിങ്കി ഒളിന്പിക്സിലാണ് ജാദവ് വെള്ളി മെഡൽ നേടിയത്.
1920ൽനിന്നു 2020ൽ എത്തിയപ്പോൾ ഇന്ത്യക്ക് ഒളിന്പിക്സിൽ ചില മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും ഇന്ത്യക്ക് കായികരംഗത്ത് ഒരു വൻശക്തിയായി മാറാൻ സാധിച്ചിട്ടില്ല എന്നത് വളരെ ഖേദകരമാണ്. ശരാശരി ഇന്ത്യക്കാരന്റെ അല്ലെങ്കിൽ സാധാരണ ഇന്ത്യക്കാരന്റെ ജീവിതത്തിന്റെ ഭാഗമായി കായികരൂപങ്ങളോ കായിക പ്രവർത്തനങ്ങളോ മാറിയിട്ടില്ല.
മഹാമാരിയെ തുടർന്ന് 2020ലെ ടോക്കിയോ ഒളിന്പിക്സ് മാറ്റിവയ്ക്കപ്പെട്ടിരിക്കയാണ്, 2021 ലേക്ക്. ഒളിന്പിക്സ് മത്സരങ്ങൾ ഇപ്പോൾ തീരുമാനിച്ചതുപോലെ 2021 ൽ നടന്നാലും, ഇന്ത്യ ഒളിന്പിക്സിൽ പ്രവേശിച്ചതിന്റെ നൂറ് വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ചരിത്രം കൂടിയായിരിക്കും അടുത്ത ഒളിന്പിക്സ്.
എം.സി. വസിഷ്ഠ്