വാഷിംഗ്ടണ്‍ ഡിസി: ലോകജനതയുടെ ആശങ്ക വർധിപ്പിച്ച് കോവിഡ്- 19 വൈറസ് അതിവേഗം പടർന്ന് പിടിക്കുന്നു. അമേരിക്കയിലാണ് വൈറസ് ഇപ്പോൾ വേഗത്തിൽ പടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,320 പേരാണ് ഇവിടെ കോവിഡ് ബാധയേത്തുടർന്ന് മരണത്തിനു കീഴടങ്ങിയത്.
7,391 പേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടപ്പെട്ടത്. ഒറ്റദിവസം കൊണ്ട് 32,000ത്തിേലേറെപ്പേർക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,76,965 ആയി.
അമേരിക്കയിൽ ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. 1,03,476 പേർ. ഇവിടെ 24 മണിക്കൂറിനിടെ 680 പേരാണ് മരണപ്പെട്ടത്. ന്യൂജഴ്സിയിൽ 29,895 പേർക്ക് രോഗം ബാധിച്ചപ്പോൾ മിഷിഗണിൽ 12,774 പേർ വൈറസ് ബാധിതരായി. ഫ്രാൻസിലും സ്പെയിനിലും ഇറ്റലിയിലുമെല്ലാം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഗണ്യമായി വർധിക്കുന്നുണ്ട്.
ഫ്രാൻസിൽ 1,124 പേരാണ് പുതുതായി മരണപ്പെട്ടത്. ഇവിടെ ആകെ 64,338 പേർക്ക് രോഗം ബാധിച്ചപ്പോൾ 6,507 പേർക്ക് ജീവൻ നഷ്ടമായി. സ്പെയിനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 850ലേറെ പേർ മരിച്ചപ്പോൾ ഇറ്റലിയിൽ പുതുതായി മരണപ്പെട്ടത് 766 പേരാണ്. ഇറ്റലിയിൽ ആകെ 1,19,827 പേർക്കാണ് രോഗബാധ. ഇതിൽ 14,681 പേർ മരണപ്പെട്ടു.
സ്പെയിനിൽ 1,19,199 പേർക്ക് വൈറസ് പിടിപെട്ടപ്പോൾ ജീവൻ നഷ്ടപ്പെട്ടത് ആകെ 11,198 പേർക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകെ 82,745 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിച്ചുള്ള ലോകവ്യാപക മരണം അറുപതിനായിരത്തിലേക്ക് അടുക്കുന്പോൾ പുതുതായി മരണപ്പെട്ടത് ആറായിരത്തോളം പേർ.