കായംകുളം: കോവിഡ് -19 സമൂഹ വ്യാപനം തടയാൻ രാജ്യത്താകെ ലോക്ക് ഡൗണ്‍ നിലനിൽക്കുന്പോൾ സ്റ്റേജ് കലാകാരന്മാരുടെ ദുരിതവും വിഷമവും മാജിക്കിലൂടെ ചൂണ്ടിക്കാട്ടി മജീഷ്യൻ സാമ്രാജ്. പ്രളയവും ഓഖിയും നിപ്പയും ഇപ്പോൾ കൊറോണയും മൂലം കേരളത്തിലെ ആയിരക്കണക്കിനു സ്റ്റേജ് കലാകാരന്മാരുടെ പ്രതീക്ഷകൾ തകർന്ന അവസ്ഥയാണ് .
വേദികൾ നഷ്ടപ്പെട്ടു ജീവിതം ശൂന്യമായ സ്റ്റേജ് കലാകാരന്മാരുടെ അവസ്ഥ പ്രതീകാത്മകമായി അവതരിപ്പിച്ചാണ് മജീഷ്യൻ സാമ്രാജ് ഏകാംഗ മാജിക്കുമായി രംഗത്തെത്തിയത്.
ശൂന്യമായ കസേരകൾക്കു മുന്നിൽ മാജിക്ക് അവതരിപ്പിച്ചാണു സാമ്രാജ് കലാകാരന്മാരുടെ ദുരിതാവസ്ഥ തുറന്നുകാട്ടിയത് . സാമ്രാജിന്റെ മാവേലിക്കരയിലെ വീട്ടുമുറ്റത്തു സ്വന്തമായി വേദി ഒരുക്കി ഏകനായി നിന്നായിരുന്നു മാജിക്ക് അവതരണം.
സ്റ്റേജ് കലാകാരന്മാരും അനുബന്ധ പ്രവർത്തനങ്ങളിൽ ഉപജീവനമാർഗം കണ്ടെത്തിയിരുന്നവരും ഇന്നു വേദികൾ ഇല്ലാതെ ദുരിതത്തിലാണ്. ലോക്ക് ഡൗണ്‍ കഴിയുന്പോൾ ഈ സീസണ് അവസാനിക്കും.
എല്ലാ വിഭാഗക്കാരുടെയും ക്ഷേമത്തിനു പദ്ധതികൾ പ്രഖ്യാപിക്കുന്ന സർക്കാരും മുഖ്യ മന്ത്രിയും കഴിഞ്ഞ വർഷങ്ങളിലും ഈ വർഷവും വിവിധ ദുരന്തങ്ങൾ ഏറ്റു വാങ്ങിയ സ്റ്റേജ് കലാകാരന്മാരുടെ ശൂന്യമായ ജീവിതാവസ്ഥകൂടി കാണണമെന്നും മജീഷ്യൻ സാമ്രാജ് ദീപികയോടു പറഞ്ഞു.
സ്വന്തം ദൈന്യത ഉള്ളിൽ ഒതുക്കി ജനങ്ങൾക്കു സന്തോഷവും വിനോദവും നൽകുന്ന കലാകാരന്മാരുടെ കണ്ണീർ തുടയ്ക്കാൻ മുന്നിട്ടിറങ്ങണമെന്ന ആവശ്യമാണ് മാജിക് പ്രതിഷേധത്തിലൂടെ മൂന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.