കൊച്ചി: ലോക്ക് ഡൗണിനോടനുബന്ധിച്ചു സപ്ലൈകോ ആരംഭിച്ച ഓണ്‍ലൈന്‍ ഭക്ഷ്യവിതരണത്തിന് ഈടാക്കുന്ന ഡെലിവറി നിരക്ക് ഉപഭോക്താക്കളുടെ കീശ കാലിയാക്കുന്നു. സാധനങ്ങളുടെ വിലയ്ക്കു പുറമേ 60 രൂപയോളമാണ് ഓണ്‍ലൈന്‍ കമ്പനി ഡെലിവറി നിരക്കെന്ന പേരില്‍ അധികമായി ഈടാക്കുന്നത്.
പ്രമുഖ ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയുമായി സഹകരിച്ചു കഴിഞ്ഞ ദിവസമാണു സപ്ലൈകോ ഭക്ഷ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന പദ്ധതിക്കു തുടക്കമിട്ടത്. സപ്ലൈകോയുടെ പദ്ധതിയുടെ മറവില്‍ ഓണ്‍ലൈന്‍ കമ്പനി വന്‍ ലാഭം ഉണ്ടാക്കുകയാണെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു.
അരി, വെളിച്ചെണ്ണ, ധാന്യങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ ഓണ്‍ലൈന്‍ ഡെലിവറി ലിസ്റ്റിലുണ്ടെങ്കിലും അത്യാവശ്യ സാധനമായ പഞ്ചസാരയില്ല. മാത്രമല്ല സാധനങ്ങളുടെ ആകെ തുക 300 രൂപയോ അതിന് മുകളിലോ ആവുകയും വേണം. ഇതില്‍ കുറഞ്ഞാല്‍ ഡെലിവറി ലഭിക്കില്ല.
പ്രാരംഭ നടപടി എന്ന നിലയിലാണ് സപ്ലൈകോയുടെ ആസ്ഥാനമായ കടവന്ത്ര ഗാന്ധിനഗറിന് എട്ടുകിലോ മീറ്റര്‍ പരിധിയില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നതെന്ന് നേരത്തെ സപ്ലൈകോ അറിയിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ 17 ഇടങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതേവരെ നടപ്പിലാക്കിയിട്ടില്ല.
സപ്ലൈകോയ്ക്കു നേരിട്ട് സാധനങ്ങള്‍ എത്തിക്കുന്ന സംവിധാനം നിലവിലില്ല. അതേസമയം ഓണ്‍ലൈന്‍ ഡെലിവറിയുടെ പേരില്‍ മറ്റു സ്വകാര്യ ഓണ്‍ലൈന്‍ കമ്പനികളും അമിത നിരക്ക് ഈടാക്കുന്നതായി പരാതിയുണ്ട്.
അമ്പത് രൂപയോളം ഡെലിവറി ചാര്‍ജായി ഈടാക്കുന്നതിന് പുറമെ നികുതി നിരക്കുകളുടെയും മറ്റും പേരിലും വേറെയും തുക ഈടാക്കുന്നതായി പറയുന്നു.