ഗാന്ധിനഗർ: കോവിഡ് 19 രോഗവിമുക്തരായ ശേഷം കോട്ടയം മെഡിക്കൽ ആശുപത്രി വിട്ട കോട്ടയം ചെങ്ങളം കുമരത്തും പറന്പിൽ റോബിൻ (32) ഭാര്യ റീന (28) എന്നിവർ തുടർ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ എത്തി. ഇന്നു രാവിലെ 10ന് പകർച്ചവ്യാധി വിഭാഗം മേധാവി ഡോ. സജിത്കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഇവർ എത്തിയത്.
കോവിഡ് 19 രോഗബാധിതരുടെ ചികത്സയ്ക്ക് രൂപം നൽകിയ മെഡിക്കൽ ബോർഡിന്റെ മേധാവി കൂടിയാണ് ഡോ.സജിത്കുമാർ. 24-ാം വാർഡിൽ എത്തിയ ഇവരെ വിദഗ്ധ പരിശോധന നടത്തി. പൂർണമായും രോഗവിമുക്തരായ ഇവർക്ക് ഇനി ഹോം ക്വാറന്റൈനുൾപ്പെടെയുള്ള നിരീക്ഷത്തിന്റെ ആവശ്യമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കഴിഞ്ഞ മാർച്ച് എട്ടിനാണ് കൊറോണ ലക്ഷണവുമായി ഈ ദന്പതികളും നാലരവയസുള്ള മകളും മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയത്. ഇതിനിടയിൽ റീനയുടെ സഹോദരനെയും മാതാപിതാക്കളെയും കോവിഡ് 19 രോഗബാധിതരായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു.
റീനയുടെ പിതാവിന്റെ മാതാപിതാക്കളെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ റോബിന്റെയും റീനയുടെയും മകൾ ഒഴികെയുള്ളവർക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കുശേഷം യുവദന്പതികളെ രോഗവിമുക്തരായി 28ന് ഡിസ്ചാർജ് ചെയ്തു. തുടർന്ന് ഏഴു ദിവസത്തെ ഹോം ക്വാറന്റയിനുശേഷമാണ് യുവദന്പതികൾ പരിശോധനയ്ക്ക് എത്തി മടങ്ങിയത്.