കണ്ണൂര്‍: അന്യസംസ്ഥാനങ്ങളിൽനിന്ന് ലോഡുകൾ എത്തിത്തുടങ്ങിയതോടെ പച്ചക്കറി വില കുറയുന്നു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും കർണാടകയും തമിഴ്നാടും അതിർത്തികൾ അടയ്ക്കുകയും ചെയ്തതോടെ പച്ചക്കറിവില 70 ശതമാനം വരെ വർധിച്ചിരുന്നു.
കര്‍ണാടകയില്‍നിന്നുള്ള ചരക്കുലോറികള്‍ വയനാട് വഴി കണ്ണൂരിലെത്തിയതോടെയാണ് അവശ്യസാധനങ്ങളുടെ വിലയില്‍ 25 ശതമാനത്തിന്റെ കുറവുണ്ടായത്.
ജോലിയും കൂലിയുമില്ലാതെ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്നതിനിടയിൽ പച്ചക്കറിയടക്കമുള്ള അവശ്യസാധനങ്ങളുടെ വിലവര്‍ധന ജനത്തെ വലച്ചിരുന്നു. പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കുമെതിരേ ശക്തമായ പരിശോധന തുടങ്ങിയതും വില കുറയാൻ കാരണമായി.
രണ്ടുദിവസം മുമ്പുവരെ കണ്ണൂർ മാർക്കറ്റിൽ 40 രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇന്നലെ 18 മുതല്‍ 20 രൂപ വരെയാണ് വില.
പച്ചക്കറികളുടെ ഇന്നലത്തെ വില ചുവടെ: (ബ്രാക്കറ്റില്‍ ഹോള്‍സെയില്‍ വില). സവാള-28 (24 ), ഉരുളക്കിഴങ്ങ് -40 (36), കാരറ്റ് – 70 (52), ബീറ്റ്റൂട്ട്-40 (32), വെള്ളരി-40 (28), പയര്‍ -60 (45), താലോലി -60 (40), പാവയ്ക്ക-65 (45), കാബേജ് -35 (28), വെളുത്തുള്ളി -160 (130), പച്ചക്കായ -30 (22), പച്ചമുളക് -50 (38), പടവലം – 40 (28), മുരിങ്ങ-40 (28), കൊത്തവര- 50 (35), കോവയ്ക്ക -40 (25), ഇഞ്ചി -150 (120).