കാട്ടാക്കട : ഓർമയില്ലേ, ശ്രീരഞ്ജിനിയെ..?. അവയവദാനം പുണ്യമായി കണ്ട് സ്വന്തം കരൾ ഒരു പിഞ്ചു കുഞ്ഞിന് പകുത്തുനൽകിയ ആ പെൺകരുത്തിനെ ആരും അത്രപെട്ടന്ന് മറക്കാനിടയില്ല. ഈ കൊറോണ കാലത്ത് പ്രതിരോധശേഷി കുറഞ്ഞ ശരീരവുമായി രോഗീപരിചരണത്തിൽ മുഴുകുകയാണ് ശ്രീരഞ്ജിനി.
പൂജപ്പുര തമലം സ്വദേശിനിയായ ശ്രീരഞ്ജിനി(40) സ്വന്തമായി വീടും കുടുംബവുമില്ലാത്ത അനാഥയാണ്. ആശാവർക്കറായും കൂലിപ്പണി ചെയ്തുമായിരുന്നു ഉപജീവനം.
വാടക വീടുകളിൽ മാറിമാറി താമസം. ദാരിദ്യം ഇഴതീർത്ത ജീവിതമായിട്ടും ആറുമാസം മാത്രം പ്രായമുള്ള അലിയ ഫാത്തിമ എന്ന കുരുന്നിന് സ്വന്തം കരൾ ദാനമായി പകുത്തു നൽകിയവൾ.
2016-ൽ ശ്രീരഞ്ജിനി കരൾദാനം ചെയ്തതിനുശേഷം അവളുടെ ദുരിത ജീവിതം മാധ്യമങ്ങളിൽ ഇടം നേടി. വാർത്ത ശ്രദ്ധയിൽപെട്ട ആരോഗ്യ വകുപ്പ് വട്ടിയൂർക്കാവ് അർബൻ പ്രൈമറി ഹെൽത്ത് സെന്ററിൽ ശ്രീരഞ്ജിനിക്ക് ക്ലാസ് ഫോർ ജീവനക്കാരിയായി താൽക്കാലിക ജോലി നൽകി.
പ്രതിമാസം 7000 രൂപ ശമ്പളത്തിൽ. വേതനം കുറവെങ്കിലും രോഗികളെ പരിചരിക്കുന്നത് പുണ്യമെന്ന് അവൾ കരുതി. ആശുപത്രിക്ക് സമീപത്തുതന്നെ ഒരു വാടക വീട്ടിലാണ് താമസം. കൊറോണ ഭീതിയിൽ രാജ്യം പകച്ചു നിൽക്കുമ്പോൾ ശ്രീരഞ്ജിനി ഒരു തീരുമാനമെടുത്തു.
ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും ഒരു ദിവസം പോലും അവധി എടുക്കാൻ പാടില്ലെന്ന്. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരുദിവസവും അവധി എടുക്കാതെ ആശുപത്രിയിൽ എത്തി ജോലി ചെയ്യുകയാണ് ശ്രീരഞ്ജിനി.
നിരവധി ആളുകളാണ് വട്ടിയൂർക്കാവിൽ കൊറോണ നിരീക്ഷണത്തിലുള്ളത്. പ്രദേശത്ത് വീടുകളിൽ ഐസലേഷനിൽ കഴിയുന്നവരും ധാരാളം.
ഈ സാഹചര്യത്തിൽ ആശുപത്രി ശുചീകരണം, ആരോഗ്യ പ്രവർത്തകരെ സഹായിക്കൽ തുടങ്ങിയ ജോലികൾ സ്വമേധയ ഏറ്റെടുത്ത് ചെയ്യുകയാണ് ശ്രീരഞ്ജിനി. ജോലി എന്നതിലുപരി, അത് തന്റെ കടമയെന്ന് പറയാനാണ് ഇവൾക്കിഷ്ടം.
ഫോട്ടോ- ശ്രീരഞ്ജിനി