ന്യൂഡൽഹി: നിസാമുദീനിൽ തബ്ലീഗിൽ പങ്കെടുത്ത വിദേശ പ്രതിനിധികൾ ഒളിവിലെന്ന് ഡൽഹി പോലീസ്. 187 പേരാണ് നിരീക്ഷണത്തിന് തയാറാകാതെ ഒളിവിൽ കഴിയുന്നത്.
ഇവർ ഡൽഹിയുടെ പല ഭാഗങ്ങളിലായി തങ്ങുന്നുണ്ടെന്നാണ് പോലീസ് നിഗമനം. ഇവരെ കണ്ടെത്തുന്നതിനായി ആരാധനാലയങ്ങളിൽ അടക്കം പരിശോധന വേണമെന്നും പോലീസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ അന്വേഷണത്തില്‍ 600ലധികം വിദേശികളെയാണ് കണ്ടെത്തിയത്. വടക്കു കിഴക്കന്‍ ഡല്‍ഹിയിലുള്ള പള്ളികളില്‍ നിന്ന് 100 പേരെ കണ്ടെത്തിയിരുന്നു.
തെക്ക് കിഴക്കന്‍ മേഖലയില്‍ നിന്നും 200 പേരെയും തെക്കന്‍ ഡല്‍ഹിയിലെ ജില്ലകളില്‍ നിന്നും 177ഓളം പേരെയുമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
അതേസമയം തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 65 വിദേശികൾക്കെതിരെ കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് പോലീസ് കേസെടുത്തിരുന്നു. സഹറൻപൂരിലും കാൺപൂരിലും നിരീക്ഷണത്തിൽ കഴിയുന്നവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 478 പേർക്ക് രോഗം
രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 478 പേർക്കാണ് രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് കേസുകളുടെ എണ്ണം 2,902 ആയി. 68 പേരാണ് കൊറോണ ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. 163 പേർ രോഗവിമുക്തി നേടി.
രാജ്യത്തെ 211 ജില്ലകളിലാണ് കോവിഡ്-19 റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാർച്ച് 22ന് രാജ്യത്തെ 75 ജില്ലകളിൽ മാത്രമാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. എന്നാൽ മാർച്ച് 29 ആയപ്പോൾ 161 ജില്ലകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 13 സ്ഥലങ്ങൾ കേന്ദ്രം കൊറോണ ഹോട്ട്സ്പോട്ടായി കണ്ടെത്തിയിരുന്നു.
മരണം 58,905
അതേസമയം ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 58,905 ആയി. 10,99,054 പേർക്കാണ് ലോകത്താകമാനം കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,26,611 പേർ മാത്രമാണ് രോഗവിമുക്തി നേടിയത്. അമേരിക്കയിലാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
24 മണിക്കൂറില്‍ 1,480 പേരാണ് ഇവിടെ മരിച്ചത്. 2,77,475 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 7,402 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.
കൊറോണ ബാധിച്ച് കൂടുതൽ ആളുകൾ മരിച്ചത് ഇറ്റലിയിലാണ്. 14,681 പേരാണ് ഇവിടെ മരിച്ചത്. 1,19,827 പേർക്കാണ് ഇറ്റലിയിൽ രോഗം കണ്ടെത്തിയത്. സ്പെയിനിൽ 11,198 പേരും കൊറോണ ബാധിച്ച് മരിച്ചു.