കോഴിക്കോട്: ലോക്ക്ഡൗണ്‍ നിലനില്‍ക്കെ അനാവശ്യമായി നിരത്തിലിറക്കിയ വാഹനങ്ങള്‍ക്കെതിരേ പോലീസ് നടപടി തുടരുന്നു.
ലോക്ക്ഡൗണ്‍ ആരംഭിച്ചതിനുശേഷം ഇന്നലെ വരെ സിറ്റി പരിധിയില്‍ 1500 വാഹനങ്ങൾ പിടിച്ചെടുത്തതായി പോലീസ് കമ്മീഷണർ എ.വി.ജോർജ് അറിയിച്ചു.നഗരപരിധിയിൽ ഇതിനായി 56 പോലീസ് പിക്കറ്റ്പോസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ബൈക്കുകളാണ് പിടിച്ചെടുത്തവയിൽ അധികവും.
മിനികൂപ്പർ തുടങ്ങി ആഡംബര വാഹനങ്ങളും പിടിയിലായി . കസബ പോലീസ് മാത്രം 150 ലധികം വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിർത്തിയിടാൻ മിക്ക പോലീസ് സ്റ്റേഷനുകളിലും സ്ഥലമില്ലാത്ത അവസ്ഥയാണ്.
സ്റ്റേഷനിലേക്ക് മാറ്റിയ വാഹനങ്ങള്‍ ലോക്ക്ഡൗണ്‍ അവസാനിച്ചശേഷം പിഴ ഈടാക്കി വിട്ടുനല്‍കും. അനാവശ്യമായി റോഡിലിറക്കുന്ന വാഹനങ്ങള്‍ വരും ദിവസങ്ങളിലും പിടിച്ചെടുക്കും.
പോലീസിന്റെ പരിശോധനയ്ക്ക് പുറമേ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം പ്രത്യേക സ്ക്വാഡും പരിശോധന ആരംഭിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ സാംബശിവ റാവു നേരിട്ട് വാഹനപരിശോധന നടത്തുന്നുണ്ട്.
ഇതിനു പുറമെ റവന്യുവിഭാഗത്തിന്റെ സ്ക്വാഡുകളും പരിശോധനയ്ക്കുണ്ട്. പോലീസ് നടപടി ശക്തമാക്കിയതോടെ നിസാരകാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവരുടെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ട്.