കാസര്‍ഗോഡ്: ദുബായില്‍ നിന്ന് നാട്ടിലെത്തുമ്പോഴേക്കും കൂടെ കൂടിയ കോവിഡിനെ കൃത്യമായ ചികിത്സയിലൂടെയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അച്ചടക്കത്തോടെ പാലിച്ചും പടിക്കു പുറത്താക്കിയതിന്റെ ആഹ്ലാദത്തിലാണ് കാസര്‍ഗോഡ് തളങ്കര സ്വദേശിയായ ഗഫൂര്‍ പള്ളിക്കല്‍.
54കാരനായ ഗഫൂര്‍ മാര്‍ച്ച് പത്തിനാണ് ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. ചെറിയ തോതില്‍ ശാരീരിക ബുദ്ധിമുട്ട് തോന്നിയതിനാല്‍ മംഗളൂരുവില്‍ നിന്നാണ് കോവിഡ്-19 സ്രവ പരിശോധന നടത്തിയത്.
തനിക്ക് രോഗമുണ്ടെങ്കില്‍ താന്‍ മൂലം മറ്റൊരാള്‍ക്ക് അത് പകരരുത് എന്ന തിരിച്ചറിവോടെയാണ് സ്വമേധയാ ലാബില്‍ പോയി പരിശോധന നടത്തിയത്. ഫലം പോസിറ്റീവ് ആണെന്നറിഞ്ഞതോടെ മാര്‍ച്ച് 21 ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
രോഗബാധയുടെ ദിനങ്ങളില്‍ ആശുപത്രി ജീവനക്കാര്‍ നല്കിയ മാനസിക പിന്തുണ വളരെ വലുതാണെന്ന് ഗഫൂര്‍ പറയുന്നു. ഈ രോഗത്തെ പറ്റി പല തെറ്റായധാരണകളും സമൂഹത്തിലുണ്ട്. ആരോഗ്യവകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ തന്നെ രോഗത്തെ അകറ്റിനിര്‍ത്താം.
ഐസൊലേഷന്‍ വാര്‍ഡിലെ ഏകാന്തത അകറ്റാന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആടിനെ ഒപ്പം കൂട്ടി. ഈ ദിനങ്ങളിലെ പിരിമുറുക്കത്തെ അതിജീവിക്കാന്‍ വായന ഏറെ സഹായിച്ചതായി ഇദ്ദേഹം പറയുന്നു.
ദിവസങ്ങള്‍ നീണ്ട ഏകാന്തവാസത്തിനും ചികിത്സയ്ക്കും ശേഷം ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഏപ്രില്‍ മൂന്നിന് രാത്രിയാണ് ഗഫൂര്‍ ആശുപത്രി വിട്ടത്.
തെറ്റായ പ്രചാരണങ്ങളില്‍ വീഴാതെ ഓരോരുത്തരും സാമൂഹിക അകലം പാലിച്ചു കൊണ്ടു സര്‍ക്കാരും ആരോഗ്യവകുപ്പും കോവിഡ്-19 നെതിരെ നടത്തുന്ന പോരാട്ടത്തില്‍ പങ്കാളികളാകണമെന്നു കൂടി ഗഫൂര്‍ പറയുന്നു.