ചാലക്കുടി: സന്തോഷ് ട്രോഫി താരം വിബിൻ തോമസ് പോലീസ് വേഷത്തിൽ റോഡിൽ. കളിക്കളത്തിൽ ജേഴ്സിയണിഞ്ഞ് മാത്രം കണ്ടിട്ടുള്ള വിബിൻ തോമസ് ടൗണിൽ പോലീസ് യൂണിഫോം അണിഞ്ഞ് നിൽക്കുന്നത് കണ്ടപ്പോൾ പലർക്കും അതിശയം.
പോലീസ് സേനാംഗമായിട്ടാണ് ഫുട്ബോൾ ടീമിലെത്തിയതെന്ന കാര്യം അപ്പോഴാണ് ഓർക്കുന്നത്. സൗത്ത് ജംഗ്ഷനിൽ ലോക്ക്ഡൗണ് ലംഘിച്ച് വരുന്ന വാഹനങ്ങൾ പിടികൂടാനുള്ള ഡ്യൂട്ടിയിലായിരുന്നു വിബിൻ തോമസ്.
സന്തോഷ് ട്രോഫി ഫൈനൽ മത്സരത്തിന്റെ പരിശീലനം കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ 14ന് നിർത്തിവച്ചതോടെയാണ് വിബിൻ തോമസ് തിരുവനന്തപുരത്തുനിന്നും എത്തി ചാലക്കുടി പോലീസ് സ്റ്റേഷനിൽ ചുമതലയേറ്റത്.
കോവിഡ് 19ന്റെ വ്യാപനം തടയാൻ കൂടുതൽ പോലീസിന്റെ സേവനം വേണ്ടിവന്നപ്പോഴാണ് കളിക്കളത്തിൽ വിബിൻ തോമസിന് സ്റ്റേഷൻ ഡ്യൂട്ടി ലഭിച്ചത്. സ്വന്തം നാട്ടിൽ പോലീസ് യൂണിഫോമിൽ ജോലി ചെയ്യാൻ ലഭിച്ച അവസരം വിബിൻ തോമസിന് അഭിമാനമായി.
കഴിഞ്ഞ ഒരാഴ്ചയായി വിബിൻ തോമസ് ചാലക്കുടിയിൽ ഡ്യൂട്ടി ചെയ്യുന്നു. ഇതിനു മുന്പ് 2018-ൽ പ്രളയമുണ്ടായപ്പോഴാണ് യൂണിഫോം അണിഞ്ഞ് തിരുവനന്തപുരം ഭാഗത്ത് ദുരിതാശ്വാസ പ്രവർത്തനത്തിനിറങ്ങിയത്.
2018-ൽ സന്തോഷ് ട്രോഫി ഫൈനലിൽ രണ്ടാമത്തെ ഗോൾ കേരളത്തിനുവേണ്ടി നേടിയത് വിബിൻ തോമസിന്റെ യശസ് ഉയർത്തി. ഈ വർഷം ആന്ധ്രക്കെതിരെയുള്ള മത്സരത്തിൽ ഫസ്റ്റ് ഗോൾ വിബിൻ തോമസിന്റേതായിരുന്നു. കളിക്കളത്തിൽ കാണിച്ച പ്രാഗത്ഭ്യം നാടിനുവേണ്ടി വിബിൻ തോമസ് പോലീസ് യൂണിഫോമിൽ ഇനി ഉണ്ടാകും.
എസ്ഐ ബിജുവിനോടൊപ്പം സൗത്ത് ജംഗ്ഷനിൽ വാഹനങ്ങൾ തടയുന്പോൾ വാഹനത്തിലുള്ളവർ വിബിൻ തോമസിനെ പോലീസ് യൂണിഫോമിൽ കാണുന്പോൾ അതിശയത്തോടെ നോക്കുകയാണ്. എന്നാൽ വിബിൻ തോമസ് ഇപ്പോൾ ഫുട്ബോൾ താരമല്ല പോലീസാണ്.