അപ്രതീക്ഷിതമായി ഇറ്റാലിയൻ ന്യൂസ് ചാനലുകളിൽ പ്രത്യക്ഷപ്പെട്ട ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം ഇപ്പോൾ ലോകമെങ്ങും വൈറൽ ആയിക്കഴിഞ്ഞു. വീടുകളിൽ അത്താഴം കഴിച്ചിരുന്നവർപോലും അതു നിർത്തി ടിവിയിലേക്കു കണ്ണുനട്ടു.
വേദനകളുടെയും ആശങ്കകളുടെയും അന്തരീക്ഷത്തിൽ വലിയ സാന്ത്വനം പോലെയാണ് ഈ സന്ദേശം പലർക്കും അനുഭവപ്പെട്ടത്. നിറകണ്ണുകളോടെയാണ് ഈ സന്ദേശം പലരും ശ്രവിച്ചതെന്ന് ഇറ്റലിയിൽനിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.
ലോകം മുഴുവനുമായി നൽകിയ ഈ സന്ദേശത്തിന്റെ മലയാളം പരിഭാഷ
മാർപാപ്പ: ‘നമ്മൾ ഒറ്റപ്പെട്ടുപോയെങ്കിലും വിശാലമായ സ്നേഹത്താൽ പരസ്പരം സഹായിക്കാം.’
പ്രിയ സുഹൃത്തുക്കളേ ‘ബോന സേര’ (ഗുഡ് ഈവനിംഗ്). പതിവിൽനിന്നു വിപരീതമായി ഈ സായാഹ്നത്തിൽ എനിക്ക് നിങ്ങളുടെ ഭവനങ്ങളിലേക്കു കടന്നുവരുവാനുള്ള ഒരു അവസരമായി ഞാൻ ഇതിനെ കാണുന്നു. നിങ്ങൾ അനുവദിക്കുകയാണെങ്കിൽ അല്പനേരം സംസാരിക്കാൻ ആഗ്രഹമുണ്ട്.
കൊറോണയെ അതിജീവിക്കാനായി സഹനത്തിന്റെയും കഷ്ടപ്പാടിന്റെയും ഏകാന്തതയിൽകൂടി കടന്നുപോകുന്ന ഈ ദിനങ്ങളിൽ നിങ്ങളുടെ ഭവനങ്ങളിൽ സ്കൂളിൽ പോകാൻ സാധിക്കാത്ത കുട്ടികളുടെയും ജീവിതശൈലികളിലേക്കു തിരിച്ചുപോകാനാവാതെ വിഷമിക്കുന്ന കൗമാരപ്രായക്കാരുടെയും ബഹളങ്ങൾ എനിക്ക് സങ്കല്പിക്കാനാകുന്നുണ്ട്.
എല്ലാ കുടുംബങ്ങളെയും പ്രത്യേകിച്ച് കൊറോണ ബാധിച്ചു രോഗശയ്യയിൽ ആയിരിക്കുന്നവരെയും ഈ പകർച്ചവ്യാധി ബാധിച്ച് മരിച്ച നിരവധി വ്യക്തികളെയും അവരുടെ പ്രിയപ്പെട്ടവരെയും എന്റെ ഹൃദയത്തോടു ചേർത്തുവയ്ക്കുന്നു…
ഹീറോകൾ
ഈ ദിവസങ്ങളിൽ എപ്പോഴും ഓർമയിൽ കടന്നുവരുന്നത് ആരും തുണയില്ലാതെ വിഷമിക്കുന്നവരാണ്. വളരെ ബുദ്ധിമുട്ടുള്ള ഒരു യാഥാർഥ്യത്തിലൂടെയാണ് അവർ കടന്നുപോകുന്നത്. പ്രത്യേകിച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട വയോജനങ്ങൾ…
അതുപോലെ എനിക്ക് മറക്കാനാകാത്തവരാണ് കൊറോണ ബാധിതരെ ശുശ്രൂഷിക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും മറ്റു വ്യക്തികളും… യഥാർഥത്തിൽ ഇവരാണ് ഈ കാലഘട്ടത്തിന്റെ ഹീറോകൾ.
ആശ്വസിപ്പിക്കാം
ജോലി ചെയ്യാനാകാതെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരെ ഓർത്തും ഞാൻ പ്രാർഥിക്കുന്നു. ജയിലുകളിൽ കഴിയുന്ന സഹോദരങ്ങളെ ഓർത്തു ഞാൻ പ്രാർഥിക്കുന്നു…
പ്രിയപ്പെട്ടവരെ ഓർത്ത് അവർ വലിയ വേദന അനുഭവിക്കുന്നുണ്ടെന്നറിയാം. നമ്മൾ ഓരോരുത്തർക്കും ഈ ദിനങ്ങൾ ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. ചിലർക്ക് അതികഠിനമാണ് ഈ ദിനങ്ങളെന്നു പാപ്പയ്ക്ക് അറിയാം.
നിങ്ങളോട് എനിക്കു പറയാനുള്ളത്, ഞാൻ നിങ്ങളോടൊപ്പമുണ്ട്… എന്റെ പ്രാർഥനയും സ്നേഹവും നിങ്ങളെ സംരക്ഷിക്കട്ടെ. കഷ്ടതയുടെ ഈ കാലഘട്ടം വളരെ നന്നായി വിനിയോഗം ചെയ്യാൻ നമുക്കു പരിശ്രമിക്കാം. നമ്മൾ ഉദാരമനസുള്ളവർ ആയിരിക്കണം, പരസ്പരം സഹായിക്കാൻ ശ്രമിക്കാം.
ഫോൺ കോളുകൾ വഴിയും സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചും ഏകാന്തതയിൽ കഴിയുന്നവരോടു സംസാരിക്കാനും ആശ്വസിപ്പിക്കാനും ധൈര്യപ്പെടുത്താനും പരിശ്രമിക്കാം.
ഇറ്റലിയിലും ലോകം മുഴുവനിലും കഷ്ടതയിൽകൂടി കടന്നുപോകുന്നവർക്കുവേണ്ടി ഒന്നുചേർന്നു പ്രാർഥിക്കാം. ഒറ്റപ്പെട്ടിരിക്കുകയാണെങ്കിലും വിശാലമായ സ്നേഹത്തിന്റെ കഴിവുകൾ ഉപയോഗിച്ചു ചിന്തകൾകൊണ്ടും ആത്മീയസാന്നിധ്യംകൊണ്ടും നമുക്ക് എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാം. അത് ഇന്നിന്റെ ആവശ്യമാണ്.
വിശുദ്ധവാരം തുടങ്ങുന്നു, സുവിശേഷം നമുക്കു കാണിച്ചുതരുന്നതു മനുഷ്യവംശത്തോടുള്ള ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹമാണ്. നമ്മുടെ നഗരങ്ങളിൽ തളംകെട്ടിനിൽക്കുന്ന മൗനത്തിൽ ഉയർപ്പിന്റെ സന്ദേശം വീണ്ടും മുഴങ്ങിക്കേൾക്കും.
വിശുദ്ധ പൗലോസ് ശ്ലീഹ പറയുന്നത് ക്രിസ്തു മരിച്ചതു നാം എല്ലാവർക്കും വേണ്ടിയാണ്. കാരണം ക്രിസ്തുവിൽ ജീവിക്കുന്ന ഏതൊരുവനും അവർക്കുവേണ്ടിയല്ല ജീവിക്കുന്നത്…
ക്രിസ്തു ഉയിർത്തെഴുന്നേറ്റു. ജീവൻ മരണത്തെ തോൽപ്പിച്ചു… ക്രിസ്തുവിന്റെ ഉത്ഥാനത്തിലുള്ള വിശ്വാസം നമ്മുടെ പ്രത്യാശയെ വളർത്തുന്നു. ഒരു നല്ല കാലം എത്രയും വേഗം ദൈവം നമുക്കു നൽകട്ടെ, എത്രയും വേഗം ഈ പകർച്ചവ്യാധിയിൽനിന്നു നമ്മൾ മുക്തരാകട്ടെ എന്നു പ്രാർഥിക്കുന്നു.
സ്നേഹത്തോടെ
സഹനത്തിൽക്കൂടി കടന്നുപോകുന്ന വ്യക്തികളോടു സ്നേഹത്തോടെ പെരുമാറുക. പ്രത്യേകിച്ചു കുട്ടികളോടും പ്രായമായവരോടും പറയുക, ഫ്രാൻസിസ് പാപ്പാ നിങ്ങളോടൊപ്പമുണ്ട്, നിങ്ങൾക്കായി പ്രാർഥിക്കുന്നു എന്ന്… എനിക്കുവേണ്ടി പ്രാർഥിക്കാൻ മറക്കരുത്.
ഒരു നല്ല അത്താഴം നിങ്ങൾക്ക് ആശംസിച്ചുകൊണ്ടു ഞാൻ നിർത്തുന്നു… വീണ്ടും കാണാം… ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
വിവർത്തനം:
സിസ്റ്റർ സോണിയ തെരേസ്
ഡിഎസ്ജെ, ഇറ്റലി