തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ആരാധനാകർമങ്ങളിൽ കാര്മികന് ഉള്‍പെടെ അഞ്ചു പേർക്ക് പങ്കെടുക്കാമെന്ന് പോലീസ് മാർഗനിർദേശം. ഇതിനു പുറമെ മതചടങ്ങുകൾ വിശ്വാസികൾക്ക് കാണുന്നതിനായി വെബ്കാസ്റ്റ് സൗകര്യം ഒരുക്കാൻ ആരാധനാലയങ്ങൾ ശ്രമിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി മാർഗനിർദേശം നൽകി.
വിശ്വാസികൾക്കായി ആരാധനാ ചടങ്ങുകളുടെ വെബ്കാസ്റ്റിംഗ് ഏർപ്പെടുത്താൻ ആരാധനാലയങ്ങൾ ശ്രമിക്കണം. ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കുള്ള പ്രവേശനം അടച്ചതിനു ശേഷമേ ആരാധനാകർമം നടത്താവൂ.
ആരാധനാലയങ്ങൾക്ക് സമീപം ഹോസ്റ്റലുകളോ കോണ്‍വെന്റുകളോ ഉണ്ടെങ്കിൽ അവിടെ താമസിക്കുന്നവർക്കായി സിസിടിവി കാമറയുടെ സഹായത്തോടെ ലോക്കൽ ടെലിക്കാസ്റ്റിംഗ് നടത്താൻ ശ്രമിക്കണം.
ആരാധനാ കർമങ്ങൾ നടത്തുന്പോൾ സാമൂഹ്യ അകലം കർശനമായി പാലിക്കണം. ലോക്ക് ഡൗണ്‍ കാലത്തെ പ്രത്യേക സാഹചര്യത്തിലാണ് ഇത്തരം നിർദേശങ്ങൾ നൽകുന്നതെന്നും മാർഗനിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് മേധാവി നൽകിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി നേരത്തെ ആരാധനാ കർമങ്ങളിൽ പങ്കെടുക്കാൻ രണ്ട് പേർക്ക് മാത്രമായിരുന്നു പോലീസ് അനുമതി നൽകിയിരുന്നത്.