ലോക്ഡൗണിന്റെ നേരനുഭവം പങ്കുവച്ച് നടി കനിഹയും രംഗത്തു വന്നിരിക്കുന്നു. പത്തുദിവസം വീട്ടിൽ അടച്ചിരുന്നതിനു ശേഷം അവശ്യസാധനങ്ങൾ വാങ്ങുന്നതിന് പുറത്തിറങ്ങിയപ്പോഴാണ് കോവിഡിന്റെ ഭീകരാവസ്ഥ തിരിച്ചറിഞ്ഞതെന്ന് താരം പറയുന്നു.
ഒഴിഞ്ഞ നിരത്തുകളിലൂടെ വണ്ടി ഓടിച്ചപ്പോൾ കരഞ്ഞുപോയെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ കനിഹ വെളിപ്പെടുത്തി. “കഴിഞ്ഞ പത്തു ദിവസങ്ങളായി വീട്ടിൽ കഴിയുകയായിരുന്നു.
അവശ്യസാധനങ്ങൾ വാങ്ങാൻ ആദ്യമായി പുറത്തിറങ്ങിയപ്പോഴാണ് യാഥാർഥ്യം തിരിച്ചറിഞ്ഞത്. നാം നേരിടുന്ന അവസ്ഥയുടെ യഥാർഥ ചിത്രം ഉൾക്കൊള്ളുക എന്നത് തീർത്തും ഉൾക്കിടലം ഉണ്ടാക്കുന്ന ഒന്നാണ്. എന്താണെന്ന് അറിയില്ല,
ഒഴിഞ്ഞ നിരത്തിലൂടെ തിരികെ വണ്ടിയോടിച്ച് പോന്നപ്പോൾ ഞാൻ കരഞ്ഞു പോയി. ഈ അവസ്ഥയുമായി നമ്മൾ പൊരുത്തപ്പെട്ടു കഴിഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് ധാരണയില്ലെങ്കിലും നമ്മുടെ കുട്ടികളും ഇതുമായി പൊരുത്തപ്പെട്ടിരിക്കുന്നു.
അവർക്കറിയില്ല, എന്തുകൊണ്ടാണ് അവരെ പുറത്തു കളിക്കാൻ അനുവദിക്കാത്തതെന്ന്. എപ്പോഴും പുറത്തു ജീവിക്കുന്ന മുതിർന്നവർ അകത്ത് അടച്ചിരിക്കുന്നതിന്റെ കാരണവും അവർക്ക് അറിയില്ല. നമ്മുടെ യാന്ത്രികമായ ജീവിതം തീർത്തും നിശ്ചലമായിരിക്കുന്നു. നമ്മിൽ പലർക്കും ഇപ്പോൾ വരുമാനമില്ല. ഇതുവരെയുള്ള സന്പാദ്യം ഉപയോഗിച്ചാണ് ഈ ദിവസങ്ങളെ നേരിടുന്നത്. ഇത് ഇനി എത്ര നാൾ നീളുമെന്ന് അറിയില്ല. ആകെ നമുക്കിപ്പോഴുള്ളത് പ്രതീക്ഷ മാത്രം.’- കനിഹ കുറിച്ചു.