തിരുവനന്തപുരം (കാട്ടാക്കട) : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക് ഡൗൺ ലംഘിച്ച് ഇന്നലെയും ജനം നിരത്തിലേക്ക്. കേസും കനത്ത പിഴയും ചുമത്തി പിന്നാലെയുണ്ട് പോലീസ്.
വിളപ്പിൽശാല സിഐ ബി.എസ് സജിമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിവിധ കവലകളിൽ ഇന്നലെ നടത്തിയ പരിശോധനയിൽ കുടുങ്ങിയത് നിരവധിപേർ. ലോക് ഡൗൺ ലംഘിച്ചതിന് കേസുകളും വാഹനങ്ങൾ പിടിച്ചെടുക്കലും തുടരുകയാണ് പോലീസ്.
വെള്ളിയാഴ്ചയെ അപേക്ഷിച്ച് നിയമം ലംഘിച്ച് നിരത്തിലിറങ്ങിയവരുടെ എണ്ണത്തിൽ ഇന്നലെ വലിയ വർധനയാണ് അനുഭവപ്പെട്ടത്. അനാവശ്യകാര്യങ്ങൾക്ക് സത്യവാങ്മൂലവുമായി നിരത്തിലിറങ്ങിയ ഒട്ടേറെപ്പേരെ ബോധവൽക്കരണം നടത്തി പോലീസ് മടക്കി അയച്ചു.
വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കാനും അനാവശ്യമായി ചുറ്റിക്കറങ്ങുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കാനുമാണ് പോലീസ് തീരുമാനം. പിടികൂടുന്ന വാഹനങ്ങൾ നിയമ നടപടികൾ പൂർത്തിയാക്കിയേ വിട്ടു നൽകൂവെന്നും പോലീസ് പറഞ്ഞു.