മലപ്പുറം: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആർടിപിസിആർ ലാബ് സ്ഥാപിക്കുന്ന പ്രവൃത്തികൾ അന്തിമ ഘട്ടത്തിൽ. കോവിഡ്- 19 വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധനക്കുള്ള സംവിധാനം മഞ്ചേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സജ്ജമാകുന്നു.
റിയൽ ടൈം പൊളിമറൈസ് ചെയിൻ റിയാക്ഷൻ (ആർടിപിസിആർ) പരിശോധനാ ലബോറട്ടറി ഐസിഎംആറിന്റെ അനുമതി ലഭിക്കുന്നതോടെ ഈ ആഴ്ച തന്നെ പ്രവർത്തനക്ഷമമാകുമെന്നു മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.പി. ശശി അറിയിച്ചു.
ആരോഗ്യ വകുപ്പ് ലഭ്യമാക്കിയ രണ്ടു ആർടിപിസിആർ മെഷീനുകളാണ് ലാബിൽ സജ്ജീകരിക്കുന്നത്. ഇവ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് നടന്നു കൊണ്ടിരിക്കുന്നത്. സംവിധാനം പ്രവർത്തനക്ഷമമാകുന്നതോടെ കോവിഡ് സംശയിക്കുന്ന രോഗികളുടെ സ്രവ പരിശോധനാ ഫലം മലപ്പുറം ജില്ലയിൽ വേഗത്തിൽ ലഭ്യമാകും.
നിലവിൽ ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിനെയാണ് സ്രവ പരിശോധനക്കായി ജില്ലാ ആരോഗ്യ വിഭാഗം ആശ്രയിക്കുന്നത്. പിസിആർ ലാബ് സജ്ജമാകുന്നതോടെ സാന്പിൾ പരിശോധനക്കെത്തിക്കുന്നതിലുൾപ്പെടെ നേരിടുന്ന പ്രയാസങ്ങൾ ദൂരീകരിക്കാനാകും.
സർക്കാർ അനുവദിച്ച മെഷീനുകൾ സ്ഥാപിച്ച് ലാബിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് എം. ഉമ്മർ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 29 ലക്ഷം രൂപ അനുവദിച്ചിരുന്നു.