വാഷിംഗ്ടൺ: മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്റെ കയറ്റുമതി നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.
കോവിഡ് രോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്ന് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തോട് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാവുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
‘എനിക്ക് അത്ഭുതമാണ്. കാരണം ഇന്ത്യയും അമേരിക്കയും തമ്മില്‍ നല്ല ബന്ധമാണ് ഉള്ളത്. ഞായറാഴ്ച രാവിലെ ഞാന്‍ മോദിയുമായി സംസാരിച്ചിരുന്നു. മരുന്ന് കയറ്റുമതി പുനരാരംഭിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഞങ്ങള്‍ക്കാവശ്യമുള്ള മരുന്ന് എത്തിച്ചു നല്‍കുന്നതിനെ ഞങ്ങള്‍ വിലമതിക്കും. ഇനി ഇപ്പോള്‍ അത് ചെയ്തില്ലെങ്കിലും കുഴപ്പമൊന്നുമില്ല. പക്ഷെ തിരിച്ചടിയുണ്ടായേക്കാം. അതുണ്ടാവാതിരിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ’ – എന്നാണ് തിങ്കളാഴ്ച പ്രസ് കോണ്‍ഫറന്‍സില്‍ ട്രംപ് പറഞ്ഞത്.
മരുന്നുകളുടെയും മറ്റ് കോവിഡ് രോഗ ബാധിതരുടെ ചികിത്സയ്ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെയും കയറ്റുമതി ഇന്ത്യന്‍ സർക്കാർ മാർച്ച് 25നാണ് നിരോധിച്ചത്. രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളെന്നോണമാണ് ഇത് ചെയ്തത്.
നിരോധനം പിന്‍വലിച്ചു
അമേരിക്കയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിനു പിന്നാലെ മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ കയറ്റുമതിക്കുള്ള നിരോധനം ഇന്ത്യ പിന്‍വലിച്ചു.
കോവിഡ് 19 പ്രതിരോധത്തിന് സഹായകമെന്ന വിലയിരുത്തലിലാണ് മറ്റ് രാജ്യങ്ങള്‍ ഇന്ത്യയോട് ഹൈഡ്രോക്ലോറോക്വിന്‍ ആവശ്യപ്പെടുന്നത്. ഹൈഡ്രോക്സിക്ലോറോക്വിന്‍ കോവിഡ് 19ന് ഫലപ്രദമെന്ന് സ്ഥിരീകരിച്ച വാക്സിനല്ല.
എന്നാല്‍ കൊറോണ വൈറസ് മൂലമുണ്ടാകുന്ന ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കും. ഇന്ത്യ ഈ മരുന്നിന്റെലോകത്തെ തന്നെ ഏറ്റവും വലിയ നിര്‍മ്മാതാക്കളിലൊന്നാണ്. ഇതാണ് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ഹൈഡ്രോക്സിക്ലോറോക്വിന്നിനായി ഇന്ത്യയെ സമീപിക്കാന്‍ കാരണം.
അമേരിക്കയില്‍ ഇതിനോടകം 3.66ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും കോവിഡ് മരണങ്ങൾ 10,000 കടന്ന സാഹചര്യത്തിലാണ് ട്രംപ് ആവശ്യവുമായി ഇന്ത്യയെ സമീപിച്ചത്.