ഗാന്ധിനഗർ: കൊറോണ പകർച്ചവ്യാധി ഭീഷണിയിൽ ജനങ്ങൾ ഭയത്തോടെ കഴിയുന്പോഴും മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിനു സമീപമുള്ള മാലിന്യ ജല ടാങ്ക് പൊട്ടിയൊഴുകുന്നത് പകർച്ചവ്യാധി ഭീഷണിക്ക് ആക്കംകൂട്ടുന്നു.
ഏറ്റവും മികച്ച സർക്കാർ മെഡിക്കൽ കോളജാണ് കോട്ടയം മെഡിക്കൽ കോളജ്. ഇവിടുത്തെ ഗൈനക്കോളജി വിഭാഗവും മികവുറ്റതാണ്. എന്നാൽ അധികൃതരുടെ അശ്രദ്ധമൂലം പകർച്ചവ്യാധി ഭീഷണിയെ നേരിടേണ്ടി വരികയാണ് രോഗികളും കൂട്ടിരിപ്പുകാരും.
കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാൻ ഒരുക്കിയിട്ടുള്ള കേന്ദ്രത്തിനു സമീപത്തെ മലിനജല ടാങ്ക് പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മാത്രമല്ല രണ്ടാം നിലയിലെ വാർഡിൽ നിന്നുള്ള ശുചി മുറിയിൽ നിന്ന് മലിനജലക്കുഴൽ പൊട്ടി മലിനജലവും താഴേക്കു പതിക്കുന്നതിനാൽ പരിസരമാകെ ദുർഗന്ധമാണ്.
ഏറ്റവും ശ്രദ്ധയും പരിചരണവും ലഭിക്കേണ്ട നവജാത ശിശുക്കളുമായി ആംബുലൻസുകൾ കടന്നു പോകുന്നതും ഇതിനു സമീപത്തുകൂടിയാണ്. ഈ മലിനജല ടാങ്കിനു സമീപം ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് കവറുകളും നിരന്നു കിടക്കുന്നു.
തെരുവുനായകളും യഥേഷ്ടം സ്യൈരവിഹാരം നടത്തുന്നു. മാസങ്ങൾക്കു മുന്പു തെരുവുനായകൾ ഇവിടെവച്ച് കൂട്ടിരുപ്പുകാരെ ആക്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. കാക്കകൾ മാലിന്യം കൊത്തിയെടുത്ത് സമീപത്തെ കുടിവെള്ള സ്രോതസുകളിൽ കൊണ്ടിട്ട് മലിനമാക്കുന്നതും പതിവാണ്.
ആശുപത്രിയിൽ എത്തുന്ന ഗർഭിണികൾ ഉൾപ്പെടെയുള്ളവർ ഇതുമൂലം ഏറെ കഷ്ടത അനുഭവിക്കുന്നു. മാലിന്യ ടാങ്ക് പൊട്ടി ഒഴുകുന്നതിനും കക്കൂസ് മാലിന്യം പൊട്ടി ഒഴുകുന്നതിനും അടിയന്തരമായി നടപടി സ്വീകരിച്ച് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടേയും രോഗികളുടെ കൂട്ടിരിപ്പുകാരും ആവശ്യം.