കണ്ണൂര്‍: കോവിഡ് 19 വ്യാപനം തടയുന്നതിനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ജനങ്ങള്‍ ഇതുമായി പൂര്‍ണമായി സഹകരിക്കാത്തിന്റെ ആപത്തുകള്‍ ചൂണ്ടിക്കാട്ടി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപിന്റെ കുറിപ്പ്. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ കുറിപ്പ് വൈറലായിക്കഴിഞ്ഞു.
പുതിയ സാഹചര്യം കാരണം ഞായറാഴ്ചയായിട്ടും ആശുപത്രിയില്‍ പോകുമ്പോള്‍ വഴിയോരങ്ങളില്‍ കണ്ട ആള്ക്കൂട്ടങ്ങളാണു ഡോക്ടറെ ഈ കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത്.
മെഡിക്കല്‍ ബോര്‍ഡ് കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ വിളയാങ്കോടു മുതല്‍ കരിവെള്ളൂര്‍ വരെയുള്ള കൊച്ച് അങ്ങാടികളിലെല്ലാം ആള്‍പ്പെരുമാറ്റമുണ്ട്.
രണ്ടു മാസത്തോളമായി സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും കിണഞ്ഞു പരിശ്രമിച്ചിട്ടും മാധ്യമങ്ങള്‍ പരിപൂര്‍ണമായി ഏറ്റെടുത്തിട്ടും ജനത്തിന്റെ ചിന്താഗതിയില്‍ സമൂലമായ മാറ്റം വന്നതായി കാണുന്നില്ലെന്നു തുടങ്ങുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
സ്പാനിഷ് ഫ്ളൂവിനു (1918-20) – രോഗബാധിതര്‍ 50 കോടി. മരണം ഏകദേശം അഞ്ചുകോടി). അതിനുശേഷം ലോകം ദര്‍ശിച്ചു കൊണ്ടിരിക്കുന്ന അതിഭീകര പകര്‍ച്ചവ്യാധിയാണു കോവിഡ്-19. സ്പാനിഷ് ഫ്ളൂ തൊട്ടു മുമ്പത്തെ തലമുറയോ നമ്മളോ കണ്ടിട്ടില്ല. കേട്ടറിവ് മാത്രമാണ് നമ്മുക്കുള്ളത്.
അന്നു രോഗാണു ശാസ്ത്രം ഒട്ടും വികസിതമായിരുന്നില്ല. ഇന്നാകട്ടെ മൂന്നുമാസം കൊണ്ടു തന്നെ കൊറോണ വൈറസിനെ കുറിച്ചു വലിയ അറിവുകള്‍ നേടിക്കഴിഞ്ഞു. ദിനേനയെന്നോണം പുതിയ കാര്യങ്ങള്‍, മുന്നറിയിപ്പുകള്‍, തിരുത്തലുകള്‍ എന്നിവ ജനത്തിന്റെ മുന്നിലെത്തുന്നുണ്ട്.
അകത്തിരിക്കുക, പുറത്തിരിക്കുമ്പോള്‍ അകലത്തിലിരിക്കുക, അണുവരുന്ന വഴി അടക്കാന്‍ മൂക്കും വായയും കാക്കുക, അരികെ ഇരിക്കുന്നവര്‍ക്കു കൊടുക്കാതിരിക്കാനും വിരലുകള്‍ കൊണ്ടുതൊട്ടു മുഖത്തു വൈറസിനു സന്ദര്‍ശക പുസ്തകത്തിലൊപ്പ് ചാര്‍ത്താന്‍ ഇടം കൊടുക്കാതിരിക്കുക.
സിംപിളും പവര്‍ഫുള്ളുമായ മെസേജുകള്‍ ഇത്ര മാത്രം. കര്‍ച്ചീഫ് മൂക്കിന്മേല് ബന്ധിച്ചാല്‍ എല്ലാമായി എന്നാണു പലരും ധരിച്ചു വച്ചിരിക്കുന്നത്. തുളയില്ലാത്ത കര്‍ച്ചീഫിലൂടെ എങ്ങനെ അകത്തു കയറുമെന്നു ശങ്കിച്ചുനില്‍ക്കുന്ന കൊറോണത്തപ്പനാണു ഈ വിഷുക്കാലത്തെ ഓണക്കാഴ്ച.
മൂപ്പര് വെറുതെ വന്നു വിരുന്നുമുണ്ടു തിരിച്ചു പോവാന്‍ വന്ന ടൈപ്പല്ല. അഞ്ചാറു മാസം തികയ്ക്കാതെ ഷോ അവസാനിക്കാനും പോകുന്നില്ല. വലിയ സംവിധായകരൊന്നും ആവശ്യമില്ലാത്ത തെരുവുനാടകം കളിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചാല്‍ അങ്ങേര് കൊടുത്തേ പോകൂ; കൊണ്ടേ പോകൂ.
അമ്മാതിരി തെരുവുനാടകങ്ങളാണ് ഇറ്റലി, സ്പെയിന് ഇപ്പോള്‍ അമേരിക്ക തുടങ്ങിയ മഹാവികസിത രാജ്യങ്ങളില്‍ നടക്കുന്നത്. ചരിത്രവും തൊട്ടുമുന്നിലെ ചൈനീസ് ദൃഷ്ടാന്തങ്ങളും അവഗണിച്ചതിന്റെ വില. പുകള്‍പെറ്റ ക്യാപ്പിറ്റലിസ്റ്റ് ആരോഗ്യമാതൃകകളും സംവിധാനങ്ങളും പകച്ചുനില്‍ക്കുന്ന ദുരന്തം.
അങ്ങനെയേ വരൂ. രോഗബാധയും പരിമിതരോഗപീഢയും വഴി സമൂഹപ്രതിരോധം കൈവരിച്ചു കോവിഡിനെ നേരിടാമെന്നു കരുതി കൈയും കെട്ടിയിരുന്നാല്‍ ലക്ഷങ്ങളെ മടിക്കുത്തിലാക്കിക്കൊണ്ടേ അദ്ദേഹം സ്ഥലം വിടുകയുള്ളൂ.
പരിമിതമായ വിഭവ പശ്ചാത്തലവും തരക്കേടില്ലാത്ത മനുഷ്യ വിഭവശേഷിയുമുള്ള കേരളത്തെപ്പോലുള്ള ഒരിടത്തു സമൂഹപങ്കാളിത്തത്തോടെ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ഒരുപരിധി വരെ വിജയിക്കുന്നതായാണ് ആദ്യ സൂചനകള്‍ നല്‍കുന്നത്. അതു തുടര്‍ന്നു പോകണമെങ്കില്‍ ഇനിയങ്ങോട്ട് അതീവജാഗ്രത പാലിച്ചേ പറ്റൂ.
ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ സാമൂഹിക അച്ചടക്കത്തിന്റെ നാളുകള്‍ കഴിഞ്ഞുവെന്നു ധരിക്കരുത്. വരാന്‍പോകുന്നതു കഴിഞ്ഞു പോയതിലും കടുത്ത സമൂഹജാഗ്രതയും നിയന്ത്രണങ്ങളും വേണ്ടുന്ന കാലമാണ്.
അതിനായുള്ള മുന്‍ കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുമ്പോള്‍ നേരിയ അലംഭാവം പോലും സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.