മുക്കം: ലോക്ക്ഡൗൺ മാനിക്കാതെ മലയോര മേഖലയിൽ ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ഭീഷണിയാകുന്നു. മുക്കം ടൗണിലും പരിസര പ്രദേശങ്ങളിലും അവശ്യ സാധനങ്ങൾ വാങ്ങാനെന്ന പേരിലാണ് ആളുകൾ കൂട്ടമായി എത്തുന്നത്.
ആരോഗ്യ വകുപ്പിന്റെയും പോലീസിനെയും നിർദ്ദേശങ്ങൾ മുഖവിലയ്ക്കെടുക്കാതെയാണ് നിസാര കാര്യങ്ങൾ പറഞ്ഞു ജനം പുറത്തിറങ്ങുന്നത്.
ലോക്ക്ഡോൺ പ്രഖ്യാപിച്ചതിന്റെ ആദ്യഘട്ടത്തിൽ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും രണ്ടാഴ്ച പിന്നിടുമ്പോൾ ജനങ്ങൾ ഇതിന്റെ ഗൗരവം കുറച്ച് കാണുന്ന അവസ്ഥയാണ്.
അതിനിടെ പോലീസിന്റെ നടപടികൾക്കെതിരേ കണ്ണൂരിലും കൊണ്ടോട്ടിയിലുമടക്കം ആക്ഷേപം ഉയർന്നതോടെ പോലീസ് നിയന്ത്രണങ്ങളിൽ അയവു വരുത്തിയതായും സൂചനയുണ്ട്.
ഇത് മുതലെടുത്താണ് ജനങ്ങൾ കൂട്ടമായി പൊതു സ്ഥലങ്ങളിലേക്ക് ഇറങ്ങുന്നത്.പോലീസ് പരിശോധന കുറയുന്ന ഉച്ച സമയങ്ങളിലാണ് ആളുകൾ കൂടുതലായും ഇറങ്ങുന്നത് .
കടകൾക്ക് മുമ്പിൽ സാമൂഹ്യ അകലം പാലിക്കാന് പോലീസ് ഒരു മീറ്റർ അകലത്തിൽ വൃത്തങ്ങൾ വരച്ചിചിട്ടുണ്ടങ്കിലും ജനങ്ങൾ അതൊന്നും പാലി ക്കാത്ത അവസ്ഥയാണുള്ളത്.
ഇന്നലെ രാവിലെ മുക്കം നഗരത്തിൽ വൻ ജനക്കൂട്ടം ഉണ്ടായതോടെ മുക്കം പോലീസ് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അവശ്യ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ ആയതിനാൽ പോലീസിന് നിയന്ത്രിക്കാൻ പരിമിതികൾ ഉണ്ട്.
ഇതിനെ തുടർന്ന് മുക്കത്തും പരിസരത്തും നിലവിലുണ്ടായിരുന്ന പരിശോധന കേന്ദ്രങ്ങൾ പോലീസ് വർദ്ധിപ്പിച്ചിട്ടുണ്ട് . നിലവിൽ കർശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് പോലീസ് ആളുകളെ കടത്തിവിടുന്നത്.
കോവിഡ്-19 നെ നിയന്ത്രിക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് പോലീസും ആരോഗ്യവകുപ്പും അഭ്യർഥിച്ചു.