കൊടകര: ലോക്ക് ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങൾ പോലിസിനു തലവേദനയായി മാറുകയാണ്. പോലിസ് സ്റ്റേഷൻ കോന്പൗണ്ടുകളും പരിസരവും പിടിച്ചെടുത്ത വാഹനങ്ങൾ കൊണ്ട് നിറഞ്ഞു.
കൊടകര പൊലീസ് സ്റ്റേഷൻ കോന്പൗണ്ടിൽ നൂറിലേറെ വാഹനങ്ങളാണു ലോക്ക് ഡൗൺ നിർദേശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു സൂക്ഷിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഇതേവരെ 113 കേസുകൾ രജിസ്റ്റർ ചെയ്തു. പിടികൂടിയവയിൽ ഏറെയും ബൈക്കുകളാണ്. നാലു കാറുകളും ഒരു ഓട്ടോറിക്ഷയും അടക്കം നൂറിലധികം വാഹനങ്ങളാണ് ഇവിടെ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളത്.
വെള്ളിക്കുളങ്ങര സ്റ്റേഷൻ പരിധിയിലും ഇതു തന്നെയാണ് സ്ഥിതി. 90 ഓളം വാഹനങ്ങൾ പിടികൂടിയതിൽ രണ്ടു ഓട്ടോറിക്ഷകളൊഴികെ ബാക്കിയെല്ലാം ഇരുചക്ര വാഹനങ്ങളാണ്.
ലോക്ക് ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറങ്ങിയതിനു 85 പേർക്കെതിരെയാണ് ഇവിടെ കേസെടുത്തത്. ആളൂർ സ്റ്റേഷനിൽ 80 ഓളം വാഹനങ്ങളാണ് ഇത്തരത്തിൽ കസ്റ്റഡിയിലുള്ളത്.