ഹൂബൈ: ലോകമെമ്പാടും മരണംവിതച്ച് വ്യാപിക്കുന്ന കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ പൂർവ സ്ഥിതിയിലേക്ക്.
11 ആഴ്ചകൾ നീണ്ടുനിന്ന ലോക്ഡൗൺ പിൻവലിച്ചു. ട്രെയിൻ, റോഡ്, വ്യോമ ഗതാഗതങ്ങളെല്ലാം പുനരാരംഭിച്ചു. രോഗം ഇല്ലാത്തവരായ പ്രദേശവാസികൾക്കും സന്ദർശകർക്കും ആരോഗ്യകാർഡിന്റെ അടിസ്ഥാനത്തിൽ വുഹാൻ വിട്ടുപോകാൻ സാധിക്കും.
ജനുവരി അവസാന ആഴ്ച മുതൽ മൂന്നു മാസത്തോളം ലോക്ഡൗണിൽ കഴിഞ്ഞ ശേഷമാണ് വുഹാൻ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിനു ശേഷം ചൈനയിൽ 3,300 ൽ ഏറെ പേരാണ് മരിച്ചത്.
അതിൽ 81,740 പേരും വുഹാൻ ഉൾപ്പെടുന്ന ഹുബൈ പ്രവിശ്യയിലായിരുന്നു. കഴിഞ്ഞ ആഴ്ച തന്നെ ചൈനയിൽ പൊതുവാഹന ഗതാഗതവും മെട്രോ റെയിൽ സർവീസും പുനരാരംഭിച്ചിരുന്നു.
കൊലയാളി വൈറസിനെ ഡിസംബർ അവസാനത്തോടെ വുഹാൻ സിറ്റിയിലാണു ആദ്യമായി കണ്ടെത്തിയത്. ഡിസംബർ 30ന് വുഹാൻ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ പ്രിവൻഷൻ സെന്ററിൽ അകാരണമായുള്ള ന്യുമോണിയ ബാധിച്ച് ഒരാൾ എത്തി.
ഇതേത്തുടർന്ന് ന്യുമോണിയ ബാധിച്ച് എത്തുന്നവർക്ക് അടിയന്തര ശ്രദ്ധ നല്കി പ്രത്യേകം ചികിത്സിക്കണമെന്ന് ഡിസംബർ 30ന് വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു.
ഡിസംബർ 31ന് മുനിസിപ്പൽ കമ്മീഷൻ പത്രസമ്മേളനം നടത്തി ന്യുമോണിയ ബാധയുള്ളവർ അടിയന്തരമായി ചികിത്സ തേടണമെന്നു നിർദേശിച്ചു.
പൊതു ഇ ടങ്ങളിൽ മുഖാവരണം ധരിച്ച് സഞ്ചരിക്കാനും വീടിനുള്ളിൽത്തന്നെ കഴിയാനുമായിരുന്നു നിർദേശം. 27 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ അതീവ ശ്രദ്ധ പുലർത്തണമെന്നായിരുന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്.
ജനുവരി മൂന്നിന് ന്യുമോണിയ പടരുന്നതിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയെ അറിയിച്ചു. ശ്വാസകോശസംബന്ധമായ രോഗമായി ഇതുമാറുന്നതായി ജനുവരി അഞ്ചിനു കണ്ടെത്തി. ജനുവരി 23നു വുഹാനിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
ചൈനീസ് നവവത്സര ആഘോഷത്തിനുശേഷമാണ് രോഗികളുടെ എണ്ണം കൂടി യതെന്നും ചൈനീസ് അധികൃതർ പുറത്തിറക്കിയ കൊറോണ വൈറസിന്റെ നാൾവഴികളിൽ എന്ന ലേഖനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.