
ന്യൂയോര്‍ക്ക്: അമേരിക്കയെ വിഴുങ്ങുന്ന ചൈനീസ് വ്യാളിയായി മാറിയ കൊറോണ വൈറസ് സംഗീതലോകത്തെയും വെറുതെവിടുന്നില്ല. വ്യാഖ്യാത സംഗീതജ്ഞർ ഓരോരുത്തരായി കൊറോണയ്ക്കു മുന്നിൽ കടപുഴകി വീഴുന്നു.
ജാസ് സംഗീതജ്ഞൻ എല്ലിസ് മാർസലിസ് ജൂണിയർ (85), വാലസ് റോണി (59), റോക്ക് ഗായകനും ഗാനരചയിതാവുമായ ആഡം ഷ്ലെസിംഗർ (52) എന്നിവർക്കു പിന്നാലെ പ്രശസ്ത ഗായകൻ ജോൺ പ്രൈനും വിടവാങ്ങി.
കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രൈൻ ചൊവ്വാഴ്ചയാണ് മരിച്ചത്. മാർച്ച് അവസാന ആഴ്ചയാണ് പ്രൈനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 73 കാരനായ പ്രൈന് രാജ്യത്തെ ഏറ്റവും പ്രശസ്ത ഫോക് സംഗീതജ്ഞരിലൊരാളാണ്.
1970 കളുടെ തുടക്കത്തിലാണ് പ്രിൻ ഗായകനെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നത്. ഇതിനു മുൻപ് അദ്ദേഹം പോസ്റ്റ്മാനായി വർഷങ്ങളോളം പ്രവർത്തിച്ചു. ഗാനരചയിതാവും ഗായകനുമായ പ്രൈന് രണ്ടുമാസം മുമ്പാണ് സമഗ്രസംഭാവനയ്ക്കുള്ള ഗ്രാമി പുരസ്കാരം നേടിയത്. രണ്ടു തവണ അര്‍ബുദരോഗം പിടിപെട്ടിരുന്നു.
ഐതിഹാസിക ജാസ് താരം മൈൽസ് ഡേവിസിന്റെ ശിഷ്യനായിരുന്നു റോണി. ദ വിസിറ്റ്, ലവ് ജോൺസ് എന്നീ ചലച്ചിത്രങ്ങളുടെ സംഗീതസംവിധാനത്തിൽ പങ്കുവഹിച്ചു. പിയാനോ വായനക്കാരി ഗെറി അലൻ ആയിരുന്നു ഭാര്യ. രണ്ടു പുത്രിമാരുണ്ട്. 1994-ൽ ഗ്രാമി ലഭിച്ചു.
ഫൗണ്ടൻസ് ഓഫ് വെയ്ൻ എന്ന റോക്ക് ട്രൂപ്പിന്റെ സഹസ്ഥാപകനാണ് ഷ്ലെസിംഗർ. ടോം ഹാങ്ക്സിന്റെ ‘ദാറ്റ് തിംഗ് യു ഡു’വിൽ ഗാനരചയിതാവായിരുന്നു. എ കോർബർട്ട് ക്രിസ്മസ് – ദ ഗ്രേറ്റസ്റ്റ് ഗിഫ്റ്റ് ഓഫ് ഓൾ എന്ന കോമഡി ചിത്രത്തിന് 2009-ൽ ഗ്രാമി ലഭിച്ചു. മൂന്നുതവണ എമ്മി അവാർഡിനും അർഹ നായി.
ലൂയിസിയണിലെ ന്യൂഓർലിയൻസുകാരനായ മാർസാലിസ് ജൂണിയറുടെ നാലു പുത്രന്മാർ ജാസ് സംഗീതത്തിൽ പ്രശസ്തരാണ്. പിയാനോ വായനക്കാരനായ മാ ർസാലിസ് ജൂണിയർ ദീർഘകാലം ജാസ് അധ്യാപകനായിരുന്നു.