പാലാ: കേരള രാഷ്ട്രീയത്തിലെ മഹാരഥന്മാരിൽ ഒരാളായിരുന്ന പാലായുടെ സ്വന്തം മാണിസാർ ഓർമയായിട്ട് നാളെ ഒരു വർഷം തികയുന്നു.
പാലായുടെ മണൽത്തരികളെപ്പോലും കണ്ണീരിലാഴ്ത്തി കെ.എം. മാണി വിടപറഞ്ഞതു കഴിഞ്ഞ വർഷം ഏപ്രിൽ ഒന്‍പതിനായിരുന്നു. കേരളം കണ്ടതിൽവച്ച് ഏറ്റവും വലിയ വിലാപയാത്രകളിലൊന്നായിരുന്നു അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങ്.
കേരളം കണ്ട മികച്ച ഭരണാധികാരികളിലൊരാളായ കെ.എം. മാണി നൂതനമായ ജനക്ഷേമ പദ്ധതികളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ നേതാവാണ്. കാരുണ്യ ചികിത്സാ സഹായ പദ്ധതി, കർഷകത്തൊഴിലാളി പെൻഷൻ, കർഷക പെൻഷൻ, റബർ വിലസ്ഥിരതാ ഫണ്ട് തുടങ്ങിയവയൊക്കെ അദ്ദേഹത്തിന്റെ ഭാവനയിൽ വിരിഞ്ഞ പദ്ധതികളാണ്.
വെളിച്ചവിപ്ലവ പദ്ധതിയിലൂടെ വൈദ്യുതിവെളിച്ചം ലഭിച്ചവർ, കുടിവെള്ള പദ്ധതിയിലൂടെ ശുദ്ധജലം ലഭിച്ചവർ, കിടപ്പു ഭൂമിയുടെ അവകാശം ലഭിച്ചവർ, കൃഷിഭൂമിയുടെ പട്ടയം ലഭിച്ചവർ, ഭവനപദ്ധതി വഴി വീട് ലഭിച്ചവർ, കർഷക ത്തൊഴിലാളി, കർഷക പെൻഷനുകൾ ലഭിച്ചവർ ക്ഷേമനിധികൾ വഴി ആനുകൂല്യം ലഭിച്ചവർ, റോഡ് സൗകര്യം ലഭിച്ചവർ, ചികിത്സാ സഹായി ലഭിച്ചവർ എന്നിങ്ങനെ ആയിരങ്ങളാണ് നന്ദിയുടെ പൂച്ചെണ്ടുകളുമായി കഴിഞ്ഞവർഷം പാലായിൽ മാണിയുടെ സംസ്കാരത്തിനെത്തിയത്.
പാലായാണ് തന്റെ ലോകമെന്നും പാലാ രണ്ടാം ഭാര്യയാണെന്നും എപ്പോഴും പറയുമായിരുന്ന കെ.എം. മാണിക്കു പാലായില്ലാതെ ജീവിതമില്ലായിരുന്നു. മാണിയില്ലാത്ത ഒരു വർഷമാണു കടന്നുപോയത്. ജനപ്രതിനിധിയും മന്ത്രിയുമായിരുന്ന സമയത്തെല്ലാം പാലായെ നന്പർ വണ്‍ മണ്ഡലമാക്കി മാറ്റുന്നതിന് ഓരോ അവസരവും അദ്ദേഹം പ്രയോജനപ്പെടുത്തി.
എഴുപതുകളിലെ പ്രധാന ആവശ്യം റോഡുകൾ എന്നതായിരുന്നു. മണ്പാതകളെ ല്ലാം ടാർ റോഡുകളാക്കി മാറ്റി. ഇതിനായി ബജറ്റ് വിഹിതം, ദുരിതാശ്വാസ പദ്ധതികൾ എന്നിങ്ങനെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി എല്ലാ വീടുകളിലും കാർ എത്തും വിധം റോഡുകൾ നിർമിച്ചു.
റോഡുകൾ ഉണ്ടായതോടെ ഗ്രാമീണ ബസ് യാത്രാസൗകര്യം ഉണ്ടാകണമെന്ന ആവശ്യവുമായി നാട്ടുകാർ എത്തി. പഞ്ചായത്ത് കേന്ദ്രങ്ങളിലേക്ക് സ്റ്റേ ബസുകൾ ഉൾപ്പടെ ജില്ലാ കേന്ദ്രങ്ങളിലേക്കും തലസ്ഥാനത്തേക്കും ബസ് സർവീസുകൾ ആരംഭിച്ചു.
വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ വെളിച്ചവിപ്ലവത്തിലൂടെ മണ്ഡലമാകെ പ്രകാശം പരത്തി. ജലവിഭവ മന്ത്രിയായിരുന്നപ്പോൾ മണ്ഡലത്തിലെ ഭുരിഭാഗം വീടുകളിലും കുടിവെള്ളമെത്തിച്ചു. എല്ലാ തട്ടുകളിലുമുള്ള ഓഫീസുകൾ പാലായിൽ സ്ഥാപിക്കപ്പെട്ടു.
കർഷകർക്കായി നിരവധി പദ്ധതികളാണ് ഉണ്ടായത്. പലിശ ഇളവും ഇൻഷ്വറൻസും റബർ വില സ്ഥിരതാ ഫണ്ടുമെല്ലാം അദ്ദേഹത്തിന്റെ സംഭാവനകൾ തന്നെ.
വിവിധ സ്കീമുകളിലായി റോഡുകൾ ലോക നിലവാരത്തിലേക്ക് ഉയർത്തി, ആരോഗ്യമേഖലയ്ക്കായി എല്ലാ ആ ശുപത്രികൾക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി.
കെ.എം. മാണി ആവിഷ്കരിച്ച കാരുണ്യ ചികിത്സാ പദ്ധതിയും റബർ വിലസ്ഥിരതാ ഫണ്ടും അവസാനിപ്പിക്കാൻ ഇടതു സർക്കാർ ശ്രമിച്ചെങ്കിലും ഈ ജനകീയ പദ്ധതികൾ തുടരണമെന്ന സമ്മർദം സർക്കാരിനെയും മാറ്റി ചിന്തിപ്പിച്ചിരിക്കുകയാണ്.
മാണിയുടെ ഒന്നാം ചരമദിനം കോവിഡ് രോഗനിയന്ത്രണങ്ങൾ മൂലം പ്രാർഥനാദിനമായും സേവനദിനമായും ലളിതമായി ആചരിക്കാനാണ് പാർട്ടി തീരുമാനം.
സംസ്ഥാനമൊട്ടാകെ പ്രവർത്തിക്കുന്ന സമൂഹ അടുക്കളകളിലേക്ക് നാളെ ഭക്ഷണത്തിനുവേണ്ട തുക കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സംഭാവനയായി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ജോസ് കെ. മാണി എംപി പറഞ്ഞു.
കേരളത്തിന്റെ വികസനത്തിനു സമഗ്ര സംഭാവനകൾ നൽകിയ കെ.എം. മാണി മരിച്ചിട്ട് ഒരു വർഷം പൂർത്തിയാകുന്പോൾ അദ്ദേഹത്തിന് ഉചിതമായ ഒരു സ്മാരകം ഉണ്ടായിട്ടില്ല.
പാലായിൽ കെ.എം .മാണിക്ക് സ്മാരകം നിർമിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ ബജറ്റിൽ വന്നതല്ലാതെ തുടർനടപടികളുണ്ടായിട്ടില്ല.