മങ്കൊന്പ്: അധിക വാരുകൂലിയും തൊഴിലാളികൾ തമ്മിലുള്ള തർക്കവും മൂലം നെല്ലുസംഭരണം മുടങ്ങിയതായി പരാതി. കാവാലം കൃഷിഭവൻ പരിധിയിൽ വരുന്ന മണിയങ്കരി പാടശേഖരത്തിലെ നെല്ലുസംഭരണമാണ് തടസപ്പെട്ടത്.
350 ഏക്കർ വിസ്തൃതിയുള്ള പാടത്ത് തിങ്കളാഴ്ചയാണ് വിളവെടുപ്പും നെല്ലുസംഭരണവും ആരംഭിച്ചത്. സപ്ലൈകോ സംഭരിക്കുന്ന നെല്ല് ചാക്കുകളിൽ നിറയ്ക്കുന്ന സ്ത്രീ തൊഴിലാളികൾക്കുള്ള വാരുകൂലി സംബന്ധിച്ച തർക്കമാണ് സംഭരണത്തിനു വിലങ്ങുതടിയായത്.
നിലവിൽ നെല്ലു കുട്ടയിൽ വാരി ചാക്കുകളിൽ നിറയ്്ക്കുന്നതിന് ക്വിന്റലിന് 30 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന കൂലി. കഴിഞ്ഞ ഒരു മാസക്കാലമായി വിളവെടുപ്പും സംഭരണവും നടന്ന കായൽമേഖലകളിലെല്ലാം ഇതേനിരക്കിലായിരുന്നു നെല്ലുസംഭരണം നടന്നത്.
കഴിഞ്ഞ ദിവസം നെല്ലുസംഭരണം നടന്ന സമീപത്തെ വെള്ളിസ്രാക്ക പാടശേഖരത്തിലും ഇതുതന്നെയായിരുന്നു നിരക്കെന്ന് മണിയങ്കരി പാടശേഖരത്തിലെ കർഷകർ പറയുന്നു. എന്നാൽ ഇവിടെ നെല്ലുസംഭരണം ആരംഭിച്ച തിങ്കളാഴ്ച വൈകുന്നേരം തൊഴിലാളികൾ 35 രൂപ വാരുകൂലി ആവശ്യപ്പെട്ടതായി കർഷകർ പറയുന്നു.
ഈ തുക നൽകാത്തപക്ഷം നെല്ലുസംഭരിക്കാൻ അനുവദിക്കുകയില്ലെന്നാണ് ഇവരുടെ വാദം ഇതോടെ ഇന്നലെ വരെ കൊയ്തെടുത്ത നെല്ല് സഭരിക്കാനാകാതെ കെട്ടിക്കിടക്കുകയാണ്. തൊഴിലാളികളുടെ നിസഹകരണത്തെ തുടർന്ന് നെല്ലുസംഭരിക്കാനെത്തിയ ലോറികൾ ഇന്നലെ നെല്ലുകയറ്റാതെ മടങ്ങിപ്പോയതായും കർഷകർ പറയുന്നു.
ഇതുവരെ 35 ശതമാനം മാത്രമാണ് ഇവിടെ വിളവെടുപ്പ് പൂർത്തിയാക്കിയിട്ടുള്ളത്. തിങ്കളാഴ്ച എട്ടു ലോഡ് നെല്ലാണ് സംഭരിച്ചിട്ടുള്ളത്. ഇതിലധികം നെല്ല് ഇപ്പോഴും പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെടുന്ന വേനൽമഴ കർഷകരുടെ ഉറക്കം കെടുത്തുകയാണ്.
പാടശേഖരത്തിന്റെ പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലുള്ള കണ്ണാടി പ്രദേശത്താണ് തർക്കം നിലനിൽക്കുന്നത്. ഇതേ പാടശേഖരത്തിന്റെ കാവാലം വടക്കൻവെളിയനാട് പ്രദേശത്ത് തർക്കമില്ലാത്തതിനാൽ കൊയ്ത്തും നെല്ലുസംഭരണവും തടസമില്ലാതെ നടക്കുന്നുണ്ട്.
വേനൽമഴ ശക്തമായ സാഹചര്യം മുതലെടുത്ത് മറ്റെങ്ങുമില്ലാത്ത കൂലി ആവശ്യപ്പെടുന്നതിലൂടെ തൊഴിലാളികൾ തങ്ങളെ ചൂഷണം ചെയ്യുകയാണെന്നാണ് കർഷകർ പറയുന്നത്. അതേസമയം പാടശേഖരത്തിന്റെ തന്നെ മറ്റൊരു പ്രദേശത്ത് അതിർത്തി സംബന്ധിച്ച് തൊഴിലാളികൾ തമ്മിലുള്ള തർക്കവും സംഭരണത്തിനു തടസമാകുന്നുണ്ട്.
സംഭരണം മുടങ്ങുന്നതിനിടയാക്കുന്ന തരത്തിലുള്ള തൊഴിൽ തർക്കം പാടശേഖരസമിതി പാർട്ടി നേതൃത്വങ്ങളെ അറിയിച്ചെങ്കിലും നടപടിയൊന്നുമായില്ലെന്നാണ് കർഷകർ പറയുന്നത്. എന്നാൽ നിലവിൽ ഐആർസി അംഗീകരിച്ച നിരക്കിൽ നെല്ലു സംഭരണം പൂർത്തിയാക്കണമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം.