കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും ജില്ലയില്‍ ആര്‍ക്കും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തില്ല. ഇന്നലെ ലഭിച്ച 41 സാമ്പിളുകളുടെ പരിശോധന ഫലവും നെഗറ്റീവ്. രോഗം ഭേദമായ നാലു പേര് കൂടി ആശുപത്രി വിട്ടതും ആശ്വാസം പകർന്നു.
ഇനി 18 പേരാണ് കോവിഡ് രോഗം ബാധിച്ചു ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 25 പേരാണു രോഗം പിടിപെട്ടു ചികിത്സ തേടിയത്. ഇന്നലെ 43 സാമ്പിളുകള്‍ കൂടി പുതുതായി പരിശോധനയ്ക്കായി അയച്ചു. 109 സാമ്പിളുകളുടെ ഫലമാണ് ഇനി വരാനുള്ളത്.
രോഗലക്ഷണങ്ങള്‍ കണ്ട രണ്ടു പേരെക്കൂടി പുതുതായി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 33 ആയി. 18 പേര് കളമശേരി മെഡിക്കല്‍ കോളജിലും നാല് പേര് ആലുവ ജില്ലാ ആശുപത്രിയിലും രണ്ടു പേര് കരുവേലിപ്പടി ഗവ. ആശുപത്രിയിലും ഒന്‍പത് പേര് സ്വകാര്യ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.
പുതുതായി 2,362 പേർ 10 പേരെ ഒഴിവാക്കി
ഇന്നലെ 2362 പേരെക്കൂടി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു. ഇതില്‍ 2182 പേര് 14 ദിവസത്തെ നിരീക്ഷണ കാലയളവ് കഴിഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കിയവരാണ്.
180 പേര് പുതുതായി നിരീക്ഷണത്തിന് നിര്ദേശിക്കപ്പെട്ടവരുമാണ്. കൊറോണ രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങള്‍, ഇതര സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു വന്നവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ ഹൈ റിസ്ക്കില്‍ പെട്ടവരും 28 ദിവസത്തെ നിരീക്ഷണത്തില്‍ തന്നെ കഴിയണമെന്നുള്ളതുകൊണ്ടാണ് 2182 പേരോട് വീടുകളില്‍ തന്നെ വീണ്ടും നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 10 പേരെ നിരീക്ഷണ കാലയളവ് കഴിഞ്ഞതിനെത്തുടര്‍ന്ന് ഇന്നലെ നിരീക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇതോടെ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3024 ആയി. ഇതില്‍ 2761 പേര് ഹൈ റിസ്ക് കാറ്റഗറി വിഭാഗവും 263 പേര് ലോ റിസ്ക് വിഭാഗവുമാണ്. വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ള ആകെ ആളുകളുടെ എണ്ണം 3,057 ആയി.
ദമ്പതികളെ തടഞ്ഞു കോവിഡ് സെന്ററിലാക്കി
കോഴിക്കോടുനിന്നു പത്തനംതിട്ടയ്ക്ക് ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കവേ എറണാകുളം ഉദയംപേരൂര്‍ പോലീസ് തടഞ്ഞ ദമ്പതികളെ തൃപ്പൂണിത്തുറയിലുള്ള കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
നിരീക്ഷണ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്കേ ഇവര്‍ക്കിനി യാത്ര തുടരാനാകൂ. ആശുപത്രിയില്‍ ഐസൊലേഷനിലിരിക്കേ കഴിഞ്ഞദിവസം ഹൃദയാഘാതം മൂലം മരിച്ച ഇരുമ്പനം സ്വദേശി മുരളീധരന്റെ (65) സാമ്പിള്‍ ഫലം നെഗറ്റീവാണെന്നു തെളിഞ്ഞു.