മൂവാറ്റുപുഴ: ലോക്ക് ഡൗണില്‍ പുതിയ പാചകക്കൂട്ടുകള്‍ പരീക്ഷിക്കുന്ന തിരക്കിലാണ് മലയാളികള്‍. നാട്ടിൻപുറങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ചക്കയാണ് പലരുടെയും പരീക്ഷണവസ്തു. ചക്ക കൊണ്ടുള്ള പുതിയ വിഭവങ്ങളുടെ കുത്തൊഴുക്കാണ് ലോക്ക്ഡൗണില്‍ കാണുന്നത്.
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നിൽക്കുന്നത് ചക്കക്കുരു ജ്യൂസാണ്. ഷാര്‍ജ ഷെയ്ക്, ബദാം ഷെയ്ക്ക് എന്നിവയെയെല്ലാം കടത്തിവെട്ടുന്നതാണ് ചക്കക്കുരു ജ്യൂസെന്നാണ് ഉണ്ടാക്കിയവരും കഴിച്ചവരുമെല്ലാം സാക്ഷ്യപ്പെടുത്തുന്നത്. അനായാസം ആര്‍ക്കും തയാറാക്കാമെന്നതാണ് ചക്കക്കുരു ജ്യൂസിനെ വ്യത്യസ്തമാക്കുന്നത്.
ചക്കക്കുരു കുക്കറിലിട്ട് ആദ്യം അടിച്ചെടുക്കുക. ഇത് തണുത്തശേഷം തൊലികളയുക. പിന്നീട് തണുത്ത പാല്, കുറച്ച് ഏലയ്ക്കാ, പഴം എന്നിവ ചേര്‍ത്തശേഷം മിക്സിയില്‍ അടിച്ചെടുത്താല്‍ ജ്യൂസ് തയാറാകും.
ലോക്ക്ഡൗണ്‍ തീര്‍ന്നശേഷം ഷോപ്പുകളില്‍ ജാക്ക്ഫ്രൂട്ട് ജ്യൂസെന്ന പേരില്‍ സംഭവം അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ബേക്കറി ഉടമകളും.ഒരുകാലത്ത് ആര്‍ക്കും വേണ്ടാതിരുന്ന ചക്കയും ചക്കക്കുരുവുമെല്ലാം ഇപ്പോള്‍ ആളുകളുടെ പ്രിയപ്പെട്ട ഭക്ഷണവിഭവമായി മാറിയിരിക്കുന്നു ഈ ലോക്ക്ഡൗണ്‍ കാലത്ത്.