കാസര്‍ഗോഡ്: കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടി ചെക്ക് പോസ്റ്റില്‍ ദിവസങ്ങളായി തുടര്‍ന്ന അനിശ്ചിതത്വത്തിനൊടുവില്‍ നിയന്ത്രണങ്ങളോടെ അതിര്‍ത്തി തുറന്നു.
കാസര്‍ഗോഡ് ഭാഗത്തുനിന്നെത്തുന്ന രോഗികളെ നിയന്ത്രണങ്ങള്‍ക്കു വിധേയമായി മംഗളൂരുവിലേക്ക് കടത്തിവിടാനാണ് കര്‍ണാടക സര്‍ക്കാര്‍ സമ്മതിച്ചിട്ടുള്ളത്.
നിബന്ധനകളുടെ പട്ടിക ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന് കൈമാറിയിരുന്നു. ഇതുപ്രകാരം രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ സംഘം തലപ്പാടിയിലെത്തി.
മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയിലെ ഡോ. നിഷയെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയും ഡോ. മൈഥിലിയെ ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ടുവരെയും ഡോ. ഹരികൃഷ്ണന്, ഡോ. സനൂജ് എന്നിവരെ ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി എട്ടു മുതല്‍ രാവിലെ എട്ടുവരെയുമാണ് കേരളത്തിന്റെ ഭാഗത്തുനിന്ന് തലപ്പാടി ചെക്ക് പോസ്റ്റില്‍ മെഡിക്കല്‍ ഓഫീസറായി നിയോഗിച്ചിട്ടുള്ളത്. 108 ആംബുലന്‍സിന്റെ സേവനവും ഇവിടെ ലഭ്യമാക്കും.
നിബന്ധനകൾ കടുത്തത്
കോവിഡ് ബാധിച്ചിട്ടില്ലാത്തവരും കാസര്‍ഗോഡ് ജില്ലയില്‍ ചികിത്സ ലഭ്യമല്ലാത്ത കാര്‍ഡിയാക്, ന്യൂറോ, ആര്.ടി.എ, പ്രസവാനന്തര സങ്കീര്‍ണതകള്‍ എന്നിവ മൂലം ഗുരുതരാവസ്ഥയിലുള്ളതുമായ രോഗികളുമായി വരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആംബുലന്‍സുകള്‍ക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക.
രോഗികള്‍ സമ്മദിദായക തിരിച്ചറിയല്‍ രേഖ/പാസ്പോര്‍ട്ട്/ ആധാര്‍കാര്‍ഡ് എന്നിവയില്‍ ഒരു രേഖയും കര്‍ണാടക സര്‍ക്കാര്‍ തന്നിട്ടുള്ള ഫോര്‍മാറ്റില്‍ കേരളത്തില്‍ നിന്നുള്ള ഗവ. മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോവിഡ് ക്രൈറ്റീരിയ ചെക്ക് ലിസ്റ്റും കൈയില്‍ കരുതണം.
രോഗി വിദേശരാജ്യങ്ങളിലോ മറ്റ് സംസ്ഥാനങ്ങളിലോ തബ് ലീഗ് ജമാ അത്തിലോ യാത്ര ചെയ്ത ആളല്ലെന്നും കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നും കാസര്‍ഗോഡ് ചികിത്സ ലഭ്യമല്ലാത്തതും കണ്ണൂരിലേക്ക് കൊണ്ടുപോകാന്‍ സാധിക്കാത്തതുമായ രോഗിയാണെന്നും കോവിഡ് ക്രൈറ്റീരിയ ചെക്ക് ലിസ്റ്റില്‍ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം.
ആംബുലന്‍സ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശാനുസരണം അണുവിമുക്തമാക്കിയിരിക്കണം. രോഗിയോടൊപ്പം ഒരു സഹായിയെയും ഡ്രൈവറെയും ഒരു പാരാ മെഡിക്കല്‍ ജീവനക്കാരനെയും മാത്രമേ അനുവദിക്കൂ.
കര്‍ണ്ണാടകയുടെ ഭാഗത്തു നിന്നുള്ള മെഡിക്കല്‍ സംഘം ഈ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തും. പി പി ഇ കിറ്റ്, ഐസോലേഷന് ഐസി യു എന്നിവ ആവശ്യമായി വന്നാല്‍ അവയുടെ ചെലവുകളും രോഗി തന്നെ വഹിക്കണം.
ചികിത്സ കാസർഗോഡുകാർക്ക് മാത്രം
മംഗളൂരുവിൽ ചികിത്സ തേടിയിരുന്നവർ കൂടുതലും കണ്ണൂർ ജില്ലയിൽ നിന്നുള്ളവരായിരുന്നു. കാസർഗോഡ് നിവാസികൾക്ക് മാത്രമായി ചികിത്സ നിജപ്പെടുത്തിയതിൽ ബുദ്ധിമുട്ടിലാകുന്നത് ഭൂരിഭാഗവും കണ്ണൂർ നിവാസികളായിരിക്കും.
മംഗളൂരുവില്‍ നേരത്തേ ചികിത്സയിലായിരുന്ന രോഗികളുടെ തുടര്‍ ചികിത്സയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ നിന്നെത്തിയ രണ്ട് ആംബുലന്‍സുകളാണ് ഇന്നലെ തലപ്പാടിയില്‍ തടഞ്ഞ് തിരിച്ചയച്ചത്.
ഒരുവര്‍ഷം മുമ്പ് പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റതിനെത്തുടര്‍ന്ന് മംഗളുരു ഹൈലാന്‍ഡ് ആശുപത്രിയില്‍ പ്ലാസ്റ്റിക്ക് സര്‍ജറിക്ക് വിധേയനായിരുന്ന മാങ്ങാട്ടുപറമ്പില്‍ നിന്നുള്ള പതിമൂന്നുകാരനും യേനപ്പോയ മെഡിക്കല്‍ കോളജില്‍ മൂക്കിന് ശസ്ത്രക്രിയ കഴിഞ്ഞ് ബയോപ്സി പരിശോധന റിപ്പോര്‍ട്ട് കാത്തിരിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയായ അറുപതുകാരിയുമാണ് ഇന്നലെ അതിര്‍ത്തിയില്‍ മണിക്കൂറുകള്‍ കാത്തിരുന്ന ശേഷം അതേ ആംബുലന്‍സുകളില്‍ മടങ്ങിയത്.
കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള രോഗികളല്ലാത്തതിനാല് ഇപ്പോള്‍ അംഗീകരിക്കപ്പെട്ട നിബന്ധനകള്‍ പ്രകാരവും ഇവര്‍ക്ക് തുടര്‍ ചികിത്സയ്ക്ക് വരാനാകാത്ത അവസ്ഥയാണ്.