തുറവൂർ: കുടുബ കലഹത്തെത്തുടർന്ന് അടിയേറ്റ് യുവതി മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ പടിഞ്ഞാറെ ചാണി വീട് പ്രജിത്തിന്റെ ഭാര്യ സൗമ്യ (31) ആണ് മരിച്ചത്. പ്രജിത്ത് (40) പിന്നീട് പട്ടണക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ഇന്ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. കോടാലിയുടെ പിൻഭാഗം കൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു . രണ്ടര വർഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. പലപ്പോഴായി ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടാകുമായിരുന്നു.
പരാതി നൽകിയതിനെ തുടർന്ന് പോലീസ് കൗണ്‍സിലിംഗ് നൽകിയിട്ടുള്ളതായും ബന്ധുക്കൾ പറഞ്ഞു. ഇന്നലെ പകലും ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇവരുടെ രണ്ടു വയസുള്ള കുട്ടിയെ തൊട്ടടുത്തുള്ള ചേട്ടന്റെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി പത്തോടെ ഇരുവരും ചേർന്ന് ഇവരുടെ വീട്ടിലേക്ക് കൊണ്ടുപോന്നിരുന്നു.
ഇന്ന് പുലർച്ചേ അഞ്ചോടെ പ്രജിത്ത് മകനുമൊത്ത്ജ്യേഷ്ഠന്റെ വീട്ടിലെത്തി ഭാര്യയെ കൊലപ്പെടുത്തിയ വിവരം പറയുന്പോഴാണ് സംഭവം മറ്റുള്ളവർ അറിയുന്നത്. ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് പട്ടണക്കാട് പോലീസെത്തിയപ്പോൾ സൗമ്യയ്ക്ക് ജീവൻ ഉള്ളതായി കണ്ടു.
ഉടൻ പോലീസും ബന്ധുക്കളും ചേർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി പ്രജിത്ത് മദ്യപിച്ചു വഴക്കുണ്ടാക്കുന്ന ആളായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.