ബ്രസീലിയ: തെക്കേ അമേരിക്കയിലെ ഗോത്രവർഗങ്ങൾക്കിടയിലും കോവിഡ് സ്ഥിരീകരിച്ചു. ആമസോണിലെ യാനോമമി ഗോത്രവിഭാഗത്തിലെ 15 വയസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ബ്രസീൽ അറിയിച്ചു. കൗമാരക്കാരനെ ബോവ വിസ്റ്റയിലുള്ള ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ബ്രസീൽ-വെനസ്വേല അതിർത്തിയിലുള്ള ആമസോൺ വനത്തിൽ ജീവിക്കുന്ന ഗോത്രവർഗമാണ് യാനോമമി. കണക്കുപ്രകാരം ഇവരുടെ ജനസംഖ്യ 36,000 താഴെ മാത്രമാണ്. കുറഞ്ഞ അംഗസഖ്യ മാത്രമുള്ള ഗോത്രവിഭാഗങ്ങളിൽ കോവിഡ് പടരുന്നത് ആശങ്കാജനകമാണ്.
മൂന്നു ആമസോൺ സ്റ്റേറ്റുകളായി ഇതുവരെ ഏഴു ഗോത്രവിഭാഗക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ ചില ഗോത്രവംശങ്ങൾ തന്നെ ഇല്ലാതായേക്കുമെന്നാണ് മുന്നറിയിപ്പ്.