സിജോ പൈനാടത്ത്
കൊച്ചി: പങ്കുവയ്ക്കലിന്റെ പെസഹാ ലോകമെങ്ങും അനുസ്മരിക്കുമ്പോള്‍, നമുക്കു ചുറ്റുമുള്ള കോണ്‍വന്റുകളില്‍ പ്രാര്‍ഥനകള്‍ മാത്രമല്ല, പാവങ്ങള്‍ക്കായി കരുതലിന്റെ അന്നവുമൊരുങ്ങുന്നുണ്ട്. കൊറോണയും ലോക്ക് ഡൗണും സങ്കടനാളുകള് സമ്മാനിച്ച ജീവിതങ്ങളിലേക്ക് ഇവരുടെ കാരുണ്യത്തിന്റെ നീട്ടപ്പെട്ട കരങ്ങളെത്തുന്നു.
ആരാധനാ സന്യാസിനി സമൂഹത്തിന്റെ (എസ്എബിഎസ്) തിരുഹൃദയ പ്രോവിന്സിലെ സന്യാസിനിമാര്‍, ആലപ്പുഴ ജില്ലയിലെ വല്യാറ, ഉളവയ്പ് ഗ്രാമങ്ങളിലെ 150 നിര്‍ധന കുടുംബങ്ങള്‍ക്കു രണ്ടു ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് എത്തിച്ചു നല്‍കിയത്.
മൂന്നു വര്‍ഷം മുമ്പ് ഇരു ഗ്രാമങ്ങളിലെയും പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളെ ദത്തെടുത്ത സന്യാസിനി സമൂഹം അവരുടെ എല്ലാ ആവശ്യങ്ങളിലും സഹായമായി ഒപ്പമുണ്ട്. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാപ്പിളപറമ്പിലിന്റെ നേതൃത്വത്തിലാണ് ഇവിടെ സഹായങ്ങളെത്തിച്ചത്.
ലോക്ക് ഡൗണ്‍ മൂലം തൊഴിലിനു പോകാനാവാത്ത മറ്റു സ്ഥലങ്ങളിലുള്ളവര്‍ക്കും ഇവര്‍ ഭക്ഷ്യവസ്തുക്കളുടെ കിറ്റുകളെത്തിച്ചു. മൊത്തവിതരണക്കാരില്നിന്നു ഭക്ഷ്യവസ്തുക്കള്‍ വാങ്ങി കോണ്‍വന്റുകളില്‍ സന്യാസിനിമാര്‍ ചേര്‍ന്നാണു തരംതിരിക്കലും പായ്ക്കിംഗുമെല്ലാം നടത്തുന്നത്.
പോലീസിന്റെ അനുമതിയോടെ ഇവരുടെ തന്നെ വാഹനങ്ങളില്‍ ആവശ്യക്കാര്‍ക്കു സാധനങ്ങള്‍ എത്തിച്ചു നല്കുന്നു.ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് (എഫ്സിസി) സന്യാസിനിമാര്‍ അതിഥിത്തൊഴിലാളികള്‍ക്കും തെരുവില്‍ അലയുന്നവര്ക്കുമെല്ലാം ദിവസങ്ങളായി ഭക്ഷണമെത്തിക്കുന്നുണ്ട്.
തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ വിതരണം ചെയ്യുന്നതിനുള്ള ഭക്ഷണകിറ്റുകള്‍ സര്‍ക്കാര്‍ അധികൃതര്‍ക്കു കൈമാറി. സിഎംസി സന്യാസിനി സമൂഹത്തിന്റെ കൊച്ചി കാക്കനാടുള്ള ജ്യോതിസ് ഭവനിലെ സന്യാസിനിമാര്‍ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സേവനം ചെയ്യുന്ന പോലീസുകാര്‍ക്കു നിശ്ചിത സമയങ്ങളില്‍ ഭക്ഷണം നല്‍കിയാണു സാമൂഹ്യദൗത്യത്തില് പിന്തുണയറിയിക്കുന്നത്.
നിരന്തരമായ പ്രാര്‍ഥനയിലൂടെയും ദിവ്യകാരുണ്യ ആരാധനയിലൂടെയും കൗണ്സലിംഗുകളിലൂടെയും കൊറോണകാലത്തെ അതിജീവനത്തിനു കൂട്ടാകുന്നവരുമുണ്ട്. ദുരിതഘട്ടങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു കൈത്താങ്ങു പകരുകയെന്നതു ക്രിസ്തീയദൗത്യമാണെന്നു സിസ്റ്റര്‍ ആന്‍സി മാപ്പിളപറമ്പില്‍ എസ്എബിഎസും സിസ്റ്റര്‍ റോസിലി ജോണ്‍ എഫ്സിസിയും പറഞ്ഞു.
കേരളത്തിലങ്ങോളമുള്ള സന്യസ്ത സ്ഥാപനങ്ങളിലേറെയും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതതു പ്രദേശത്തെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി ഭക്ഷ്യവസ്തുക്കളും മറ്റു സഹായങ്ങളും നല്കിവരുന്നു. രൂപതകളും ഇടവകകളും ഇക്കാര്യത്തില്‍ സവിശേഷ ശ്രദ്ധ നല്‍കുന്നുണ്ട്.
ലോക്ക് ഡൗണിലെ നിയന്ത്രണങ്ങളും സാമൂഹ്യ അകലവും പോലീസ് നിര്‍ദേശങ്ങളും പാലിച്ചാണു സന്യസ്തരുടെ സേവനങ്ങള്‍. പരസ്യമായ പെസഹാ ആചരണങ്ങള്‍ ഇന്ന് എവിടെയുമില്ലെങ്കിലും സഭാസ്ഥാപനങ്ങളില്‍ പാവങ്ങള്‍ക്കായി സ്നേഹത്തിന്റെ പെസഹാ ഒരുക്കം തുടരുന്നു.