സ്വന്തം ലേഖിക
കൊച്ചി: മാനവരാശിയെ വരിഞ്ഞുമുറുക്കിയ കോവിഡ് 19 മഹാമാരിയുടെ പ്രതിരോധത്തിനുള്ള ജാഗ്രതാസന്ദേശവുമായി പുറത്തിറങ്ങിയ കേരള പോലീസിന്റെ ഗാനം വൈറലാകുന്നു.
ഉണരൂ എന്ന പേരില്‍ പുറത്തിറക്കിയ ഈ വീഡിയോ ഗാനത്തി ൽ കൊറോണ വൈറസിന്റെ അതിസംക്രമണത്തിനെതിരേ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും പാലിക്കേണ്ട ശുചിത്വ ശീലങ്ങളും നിര്‍ദേശങ്ങളും വിവരിക്കുന്നുണ്ട്.
ലോക്ക് ഡൗണ്‍ കാലത്ത് ഓരോരുത്തരം വീട്ടില്‍ത്തന്നെ തുടരേണ്ടതിന്റെ ആവശ്യകത ജനങ്ങളില്‍ എത്തിക്കുന്നതിന് ഈ ഗാനത്തില്‍ സന്ദേശങ്ങളുമായി പ്രശസ്ത ചലച്ചിത്ര താരങ്ങളും ഉന്നത പോലീസ് അധികാരികളും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരും അണിനിരക്കുന്നു. സംസ്ഥാന പോലീസിന്റെ ഒഫീഷ്യല്‍ പേജില്‍ റിലീസ് ചെയ്ത ഗാനത്തിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരത്തിലധികം ഷെയറുകളും ഇരുപതിനായിരത്തിലധികം ലൈക്കുകളുമാണ് ഈ ഗാനത്തിന് ലഭിച്ചു. ഷീ മീഡിയാസിന്റെ ബാനറില്‍ പുറത്തിറക്കിയ ഗാനത്തിന്റെ സംവിധാനം എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ സലീഷ് കരിക്കനാണ് നിര്‍വഹിച്ചിരിക്കുന്നത്.
സെന്‍ട്രല്‍ പോലീസ് സീനിയര്‍ സിപിഒ മനോജ്കുമാര്‍ കാക്കൂരിന്റെ വരികള്‍ക്ക് ശരത് മോഹന്‍ സംഗീതം നല്കി. സെന്‍ട്രല്‍ സിഐ എസ് വിജയശങ്കറും ബിനാനിപുരം എസ്ഐ പി.കെ സലിമും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു.
വിനോദ് ആദിത്യയുടേതാണ് കാമറ. ചലച്ചിത്ര താരങ്ങളായ ഹരിശ്രീ അശോകന്, വിഷ്ണു ഉണ്ണികൃഷ്ണന്, ബിബിന്‍ ജോര്‍ജ്, സുധീ കോപ്പ, മാനസ രാധാകൃഷ്ണന് എന്നിവരും ഈ ഗാനത്തില്‍ അഭിനയിച്ചിട്ടുണ്ട്.