ആലുവ: മരിച്ച വിവരം മറച്ചുവച്ചു തുടര്‍ ചികിത്സയ്ക്കായി അതിഥിത്തൊഴിലാളിയെ ആലുവ ജില്ലാ ആശുപത്രിയില്‍നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ഡോക്ടർ നിർദേശിച്ചതായി ആക്ഷേപം. ചെങ്ങമനാട് ദേശത്ത് ഇഷ്ടികക്കളത്തിലും മറ്റും ജോലി ചെയ്തിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി ഗോപാല്‍ (37) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി മുതൽ ഇയാള്‍ക്കു വയറുവേദനയുണ്ടായിരുന്നു. അന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തി മരുന്ന് വാങ്ങി താമസസ്ഥലത്തേക്കു പോയ ഗോപാലിന് ഇന്നലെയും വയറ് വേദന അനുഭവപ്പെട്ടതോടെ വീണ്ടും സ്വകാര്യ ആശുപത്രിയിലെത്തി.
അവിടെനിന്ന് ആലുവ ജില്ലാ ആശുപത്രിയിലേക്ക് ഇയാളെ അയച്ചു. ജില്ലാ ആശുപത്രിയിലെത്തിയ ഉടൻ ഡോക്ടര്‍ ഇയാളെ കൊണ്ടുവന്ന ഓട്ടോയുടെ അരികിലെത്തി പരിശോധിച്ചശേഷം ജനറല്‍ ആശുപത്രിയിലെത്തിക്കാന്‍ നിർദേശിക്കുകയായിരുന്നു.
തുടർന്നു കൂടെയുണ്ടായിരുന്നവർ ഓട്ടോയിൽ ഇയാളുമായി എറണാകുളത്തേക്കു തിരിച്ചു. ഗോപാലിന്റെ തൊഴിലുടമ സലീം തൊട്ടുപിന്നാലെ ജില്ലാ ആശുപത്രിയിലെത്തി വിവരം തിരക്കിയപ്പോഴാണ് ഗോപാൽ മരിച്ചിരുന്നുവെന്ന വിവരം ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയത്.
മരിച്ചയാളെ എന്തിനാണ് എറണാകുളത്തെ ജനറല്‍ ആശുപത്രിയിലേക്ക് അയച്ചതെന്നു ചോദിച്ചെങ്കിലും അധികൃതരിൽനിന്നു മറുപടിയുണ്ടായില്ല. കരള്‍ രോഗത്തെത്തുടര്‍ന്നാണ് ഗോപാല്‍ മരിച്ചതെന്നു ജനറല്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിൽ തെളിഞ്ഞു. നാല് മാസമായി ഇയാൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്.
രോഗി മരിച്ചെന്ന് അറിഞ്ഞിട്ടും കൃത്യമായ തുടര്‍നടപടി സ്വീകരിക്കുന്നതിൽ ജില്ലാ ആശുപത്രി അധികൃതർ അലംഭാവം കാട്ടിയെന്ന് അന്‍വർ സാദത്ത് എംഎല്‍എ ആരോപിച്ചു. ഗോപാലിന്റെ മൃതദേഹം സംസ്കരിച്ചു.