സ്വന്തം ലേഖകന്‍
തൃശൂര്‍: ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കോവിഡ് പോസിറ്റീവ് കേസ് ആയ പുതിയ അസുഖബാധിതയും സുഖപ്പെട്ടു വരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ജില്ല ആരോഗ്യവകുപ്പ് വ്യക്തമാക്കി.
നേരത്തെ കോവിഡ് സ്ഥിരീകരിച്ചയാളുടെ മകളെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചത്. ഈ പെണ്‍കുട്ടിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
സ്രവപരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. വീട്ടില്‍ ക്വാറന്റൈനിലായിരുന്ന മറ്റെല്ലാവരുടേയും പരിശോധനാ ഫലം നെഗറ്റീവാണ്.
പോസിറ്റീവ് കേസുകളില്ലാതെ ആശ്വാസത്തിന്റെ അഞ്ചാം നാളില്നിന്ന് ആറാം നാളിലേക്ക് കടക്കുന്നതിനിടെയാണ് തൃശൂരില്‍ വീണ്ടും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തത്. അസുഖം മാറി മൂന്നുപേര്‍ ഡിസ്ചാര്ജായതിന്റെ സന്തോഷത്തിനിടെയാണ് ഒരു കേസ് പോസിറ്റീവായത്.
വീടുകളില്‍ 15,680 പേരും ആശുപത്രികളില്‍ 36 പേരും ഉള്‍പ്പെടെ ആകെ 15,716 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ 925 പേരെ പുതുതായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു.
കിലയില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന 255 പേര് ഉള്‍പ്പെടെ നിരീക്ഷണ കാലഘട്ടം പൂര്‍ത്തിയാക്കി പട്ടികയില്‍നിന്ന് ഒഴിവാക്കിയത് 244 പേരെയാണ്. രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരെ വിടുതല്‍ ചെയ്തു.
ഇന്നലെ 17 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 861 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 846 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 15 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 209 ഫോണ്‍കോളുകള്‍ ജില്ലാ കണ്ട്രോള് സെല്ലില്‍ ലഭിച്ചു. ഇന്നലെ 184 പേര്‍ക്ക് കൗണ്‍സലിംഗ് നല്കി. ഇന്നെ 3,425 വീടുകള്‍ ദ്രുതകര്‍മസേന സന്ദര്‍ശിച്ചു.
ചരക്കു വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന് പച്ചക്കറി മാര്‍ക്കറ്റില്‍ 2,488 പേരെയും മത്സ്യചന്തയില്‍ 825 പേരെയും ശക്തന് ബസ് സ്റ്റാന്‍ഡിലെ 47 പേരെയും സ്ക്രീന്‍ ചെയ്തു.
കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മൂന്നുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണിമംഗലം സ്വദേശി ഹരികൃഷ്ണന്, ഭാര്യ ലക്ഷ്മി, പാവറട്ടി സ്വദേശിനി ഹസീന എന്നിവരെയാണ് ഡിസ്ചാര്‍ജ് ചെയ്തത്.
തുടര്‍ച്ചയായി രണ്ട് നെഗറ്റീവ് ഫലം വന്നതിനെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് ശിപാര്‍ശ പ്രകാരമാണ് ഡിസ്ചാര്‍ജ് നടത്തിയത്. ആശുപത്രി വിടുന്നതിന് മുന്‍പ് ചീഫ് വിപ്പ് കെ.രാജനുമായും കളക്ടര്‍ എസ്.ഷാനവാസുമായും മൂവരും സംഭാഷണം നടത്തിയിരുന്നു. മെഡിക്കല്‍ കോളേജിലെ ചികിത്സയില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
രണ്ടാഴ്ച മുന്‍പായിരുന്നു ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഹരികൃഷ്ണനും ഭാര്യയും ഫ്രാന്‍സില്‍ നിന്നും ഹസീന യുഎഇയില്‍ നിന്നുമാണ് കോവിഡ് ബാധിച്ചെത്തിയത്. ആശുപത്രി വിട്ടാലും ഇവര്‍ തുടര്‍ന്ന് പതിനാല് ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം.