സ്വന്തം ലേഖകന്‍
തൃശൂര്‍: തൃശൂര്‍ അരിമ്പൂരില്‍ കൊയ്ത്തു തൊഴിലാളികളെ പോലീസ് അകാരണമായി മര്‍ദിച്ചതായി പരാതി. അരിമ്പൂരിലെ പാടശേഖരങ്ങളില്‍ കൊയ്ത്തിനെത്തിച്ച കൊയ്ത്തുമെതിയന്ത്രങ്ങളുടെ ഡ്രൈവര്‍മാരെയാണ് ഇന്നലെ രാത്രി അരിമ്പൂരില്‍ വച്ച് പോലീസ് മര്‍ദ്ദിച്ചതായി പരാതിയുള്ളത്.
പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ഇന്ന് കൊയ്ത്തിനറങ്ങാതെ തൊഴിലാളികള്‍ സമരം നടത്തി. മന്ത്രി എ.സി.മൊയ്തീനും ഗവ. ചീഫ് വിപ് കെ.രാജനുമടക്കമുള്ളവര് സ്ഥലത്തെത്തി ജില്ലയിലെ ഉന്നത പോലീസ് മേധാവികളുടെ സാന്നിധ്യത്തില്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ സമരത്തില്‍നിന്ന് പിന്മാറുകയും കൊയ്ത്തിനിറങ്ങുകയും ചെയ്തു.
പാടത്തേക്ക് ബൈക്കില്‍ വരികയായിരുന്ന തൊഴിലാളികളെ പൊലീസ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. കുമരേശന്‍, ശക്തി, വെങ്കിടേഷ് എന്നിവരെയാണ് പോലീസ് മര്‍ദ്ദിച്ചതെന്ന് പറയുന്നു.
ഇന്നുരാവിലെ കൊയ്ത്തിനിറങ്ങാതെ തൊഴിലാളികള്‍ സമരം തുടങ്ങിയതോടെ മന്ത്രിയും പോലീസും കളക്ടറുമെല്ലാം അരിമ്പൂരിലെത്തി.
ആരോപണവിധേയരായ പോലീസുകാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാമെന്നും തൊഴിലാളികളുടെ മൊഴി രേഖപ്പെടുത്താമെന്നും മറ്റുമുള്ള മന്ത്രിയുടെയും കളക്ടറുടേയും പോലീസ് മേധാവികളുടേയും ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് തൊഴിലാളികള്‍ കൊയ്ത്തിനിറങ്ങാന്‍ തയ്യാറായത്.
കൊയ്ത്തുമെതിയന്ത്രങ്ങള്‍ ഇല്ലാതായതോടെ മഴയില്‍ നെല്‍ച്ചെടികള്‍ വീണ അരിന്പൂര് കോളില്‍ യന്ത്രമെത്തിയതിനെ തുടര്‍ന്ന് കൊയ്ത്ത് ആരംഭിച്ചിരുന്ന സമയത്തായിരുന്നു സമരം. 700 ഏക്കറോളം വരുന്നതാണ് കൊയ്ത്ത് തുടങ്ങിയ കോള്‍പടവ്.
ഇവിടെ ഉമ വിത്താണ് വിതച്ചിരിക്കുന്നത്. 120 ദിവസത്തെ മൂപ്പില്‍ കൊയ്യാമെന്നിരിക്കെ 150 ദിവസം പിന്നിട്ടിട്ടും കൊയ്യാന്‍ കഴിയാത്തത് നേരത്തെ പരാതി ഉണ്ടായിരുന്നു. പിന്നീട് അവശ്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കലക്ടറുടെ നിര്‍ദേശപ്രകാരം ആയിരുന്നു കൊയ്ത്ത് തുടങ്ങിയത്. ഇതിനിടെ വേനല്‍ മഴ കൂടി ആയതോടെ നെല്‍ചെടി വീണിരുന്നു.
ഇതോടെ രാപ്പകല്‍ വ്യത്യാസമില്ലാതെ കൊയ്യാനായിരുന്നു തീരുമാനം. ഇന്നലെ വൈകീട്ട് എട്ടോടെ കൊയ്യാനിറങ്ങിയ കൊയ്ത്തുമെതിയന്ത്രത്തിന്റെ ഡ്രൈവര്‍മാര്‍ക്ക് നേരെയാണ് പോലീസ് അതിക്രമം ഉണ്ടായതെന്ന് തൊഴിലാളികള്‍ പറയുന്നു.
അതേസമയം ഹെൽമെറ്റ് ഇല്ലാത്തതിന്റെ പേരിലാണ് പോലീസ് ഇടപെടൽ ഉണ്ടായതെന്നു സൂചനയുണ്ട്. ഇന്നു രാവിലെ മന്ത്രി എ.സി മൊയ്തീന്, ചീഫ് വിപ്പ് കെ.രാജന്, കളക്ടര്‍ എസ്.ഷാനവാസ്, മുരളി പെരുനെല്ലി എം.എല്‍.എ, ജില്ലാ കോള്‍ കര്‍ഷക സംഘം പ്രസിഡന്റ് കെ.കെ.കൊച്ചുമുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തില്‍ പോലീസുമായി നടത്തിയ ചര്‍ച്ചയിലാണ് ആവശ്യമായ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയത്.