ഗാന്ധിനഗർ: വെള്ളം കിട്ടാതെ കോളനി നിവാസികൾ. വെള്ളം മുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടു. കോട്ടയം നഗരസഭയുടെ ഒന്നാം വാർഡായ മൂടിയൂർക്കര പട്ടത്താനം വടക്കനാട് കോളനിയിലെയും സമീപ പ്രദേശത്തെ വീടുകളിലെയും ജനങ്ങളാണ് വെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നത്.
29 വീടുകളാണ് കോളനിയിലുള്ളത്. കോളനി സ്ഥിതി ചെയ്യുന്നത് കുന്നിന്റെ മുകൾ ഭാഗത്താണ്. കുന്നിന്റെ താഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്ന വാട്ടർ അഥോറിറ്റിയുടെ പൊതു ടാപ്പിൽ നിന്നു വെള്ളമെടുക്കുകയാണ് ഇപ്പോൾ.
2004-05 സാന്പത്തിക വർഷം കുമാരനല്ലൂർ പഞ്ചായത്ത് കോട്ടയം നഗരസഭയോട് ചേർത്തപ്പോൾ ഇവിടെ വാട്ടർ ടാങ്ക് നിർമിച്ചതാണ്. ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നതിന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് കുട്ടികളുടെ ആശുപത്രിക്ക് സമീപം ഉണ്ടായിരുന്ന കുളം കരിങ്കൽ ഭിത്തി കെട്ടിയശേഷം പന്പ് ഹൗസ് പണികഴിപ്പിച്ചിരുന്നു.
മോട്ടോറിനു തകരാർ പറ്റിയതിനാൽ ശുദ്ധജലം എത്തിയിട്ട് രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് അധികൃതർക്ക് നേരിട്ട് പരാതി നൽകാൻ സാധിക്കാത്തതിനാൽ ജില്ലാ കളക്ടർക്കും നഗരസഭ അധികൃതർക്കം വാട്ട്സ് ആപ്പിലൂടെ പരാതി നൽകി കാത്തിരിക്കുകയാണ് കോളനിക്കാർ.