മലപ്പുറം: കോവിഡ് മഹാവ്യാധി പടർന്നു പിടിച്ച രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന ഇന്ത്യക്കാർ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അവരുടെ ദുരിതമകറ്റാൻ ഇന്ത്യൻ എംബസികൾ സജീവമായി ഇടപെടണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എംപി വിദേശ കാര്യമന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രവാസി ഇന്ത്യക്കാർക്ക് ഭക്ഷണവും പാർപ്പിടവും അടക്കമുള്ള അടിയന്തര സഹായമുറപ്പാക്കാനായി ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ആവശ്യങ്ങളുന്നയിച്ച് മുസ്ലിംലീഗ് എംപിമാർ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിരുന്നു.
തുടർന്നു കുഞ്ഞാലിക്കുട്ടി വിദേശകാര്യമന്ത്രിയുമായി ഫോണിൽ പ്രശ്്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പു നൽകി. ഗൾഫ് രാജ്യങ്ങളിൽ അവിദഗ്ധ തൊഴിലാളികളായി ജോലിയെടുക്കുന്നവരിൽ ഏറെയും മലയാളികളാണ്. അവരുടെ ദൈനംദിന ആവശ്യങ്ങൾപോലും നടക്കാതെ ഏറെ ബുദ്ധിമുട്ടുകയാണ്.
ഇന്ത്യൻ തൊഴിലാളികൾക്ക് മതിയായ വൈദ്യസഹായം ഉറപ്പാക്കാൻ ഐസിഡബ്ലിയുഎഫ് ഫണ്ട് ഉപയോഗിക്കാൻ തയാറാകണം. ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സന്നദ്ധ സംഘടനകളുമായി ചേർന്ന് പ്രവാസികൾക്ക് സഹായമുറപ്പാക്കാൻ എംബസികൾ തയാറാകണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശകാര്യ മന്ത്രിയെ കൂടാതെ റിയാദ് ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഈദ്, അബൂദാബി ഇന്ത്യൻ അംബാസഡർ പവൻ കുമാർ, ദുബായ് ഇന്ത്യൻ സ്ഥാനപതി പിപുൽ എന്നിവർക്കും കുഞ്ഞാലിക്കുട്ടി എംപി ഈ ആവശ്യങ്ങൾ ഉന്നയിച്ച് കത്തയച്ചിട്ടുണ്ട്.
അടിന്തരമായി നാട്ടിലെത്തിക്കണമെന്ന് കെ.പി.എ. മജീദ്
കോഴിക്കോട്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദുരിതത്തിലായ ഗള്‍ഫ് പ്രവാസികളെയും വിഷമം അനുഭവിക്കുന്ന മറ്റു രാജ്യങ്ങളിലുള്ളവരെയും സഹായിക്കാന്‍ അടിന്തരമായി ഇടപെടാനും താത്പര്യമുള്ളവരെ നാട്ടിലെത്തിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്.
സാധാരണ ജോലി ചെയ്യുന്ന തൊഴിലാളികള്‍ അഞ്ചും പത്തും ഇരുപതും പേരാണ് ഒരു മുറിയില്‍ താമസിക്കുന്നത്. ഇവരുടെ സുരക്ഷയില്‍ വലിയ ആശങ്കയുണ്ട്. രോഗം പടരാതിരിക്കാന്‍ അസുഖം മാറിയവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ പോലും മിക്കയിടത്തും മതിയായ സൗകര്യമില്ല.
കോവിഡ് ദുരന്തത്തെ നേരിടാന്‍ ആ രാജ്യത്തെ ഭരണാധികാരികള്‍ ആത്മാര്‍ത്ഥമായും ജാഗ്രതയോടെയും പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ, ആരോഗ്യരംഗത്ത് അവരുടെ പരിമിതിയും വര്‍ധിച്ച ആവശ്യവും മൂലം ചികിത്സയില്‍ ആശങ്ക ഉയരുകയാണ്.
യുഎഇ, ഒമാന്‍, കുവൈത്ത്, ഖത്തര്‍, ബഹറിന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം നൂറുകണക്കിന് സാധാരണ തൊഴിലാളികള്‍ കടുത്ത പ്രയാസത്തിലാണ്. പ്രതിദിനം നിരവധിപേരാണ് വിഷമങ്ങള്‍ അറിയിച്ചും നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹവുമായും വിളിക്കുന്നത്.
ഗള്‍ഫില്‍ ദുരിതത്തില്‍ കഴിയുന്നതും മടങ്ങാന്‍ താല്പര്യപ്പെടുന്നതുമായ മുഴുവന്‍ പ്രവാസികളെയും അടിയന്തരമായി തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും സഹമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും ഇ- മെയില്‍ അയച്ചതായും കെ.പി.എ മജീദ് അറിയിച്ചു.