പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച യുവാവിന്റെ വീട്ടിലെ വളര്‍ത്തു നായയെ മൃഗസംരക്ഷണവകുപ്പ് നിരീക്ഷണത്തിലാക്കി.
കഴിഞ്ഞ 22 മുതല്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇയാളുടെ വീട്ടിലെ നായയുമായി യുവാവ് അടുത്ത് ഇടപഴകിയിരുന്നുവെന്നു കണ്ടതിനാലാണിത്.
ന്യൂയോര്‍ക്കിലെ ബ്രോന്‍ക്സ് മൃഗശാലയില്‍ കടുവയ്ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കാസര്‍ഗോഡ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിനോടു ചേര്‍ന്ന് പൂച്ചകള്‍ ചത്തതും കഴിഞ്ഞ ദിവസമാണ്.
യുവാവിന്റെ പ്രാഥമിക സമ്പര്‍ക്കത്തില്‍ നാലുപേരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ദുബായിലെ ഡെയ്റയിലായിരുന്ന യുവാവ് 22നു രാവിലെയാണ് വീട്ടിലെത്തിയത്.
കോവിഡ് ഹോട്ട്സ്പോട്ട് മേഖലയായി മാറിയ ഡെയ്റയില്‍ നിന്നെത്തിയവരുടെ സ്രവം പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചതോടെയാണ് സ്രവമെടുത്തത്. ഇയാള്‍ക്ക് മറ്റു രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡിലാണ് യുവാവ്.