സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്ഡൗണിനെത്തുടർന്ന് കേരളത്തിൽ പച്ചക്കറി വില്പന കുറഞ്ഞതോടെ തമിഴ്നാട്ടിൽ പച്ചക്കറി വില ഇടിഞ്ഞു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്കാവശ്യമായ പച്ചക്കറികളിൽ വലിയ ഭാഗം എത്തിക്കുന്നത്.
മധുരയ്ക്കടുത്ത ഒട്ടൻചത്രം, തിരുനെൽവേലിയിലെ വള്ളിയൂർ ചന്തകൾ കേന്ദ്രീകരിച്ചാണ് തെക്കൻ കേരളത്തിൽ പച്ചക്കറി എത്തുന്നത്. കേരളത്തിൽ പച്ചക്കറി വില്പന പത്തിലൊന്നായി കുറഞ്ഞതോടെ ഒട്ടൻചത്രത്തിൽ പച്ചക്കറി വിലയിടിഞ്ഞു.
കേരളത്തിലേക്ക് ഉത്പാദിപ്പിക്കുന്ന പച്ചക്കറി തമിഴ്നാട്ടിൽ വിറ്റുപോകില്ല. മാത്രമല്ല, ഈ പച്ചക്കറി വിൽക്കാൻ വേറെ ഇടവുമില്ല. കിട്ടുന്ന വിലയ്ക്ക് പച്ചക്കറി വിൽക്കുന്ന സ്ഥിതിയാണ് തമിഴ്നാട്ടിലെ ചന്തകളിലുള്ളത്.തമിഴ്നാട്ടിലെ പൊള്ളാച്ചി മേഖലയിൽ നിന്നുള്ള പച്ചക്കറിയാണ് പാലക്കാട് വഴിയെത്തുന്നത്.
പൊള്ളാച്ചി ചന്തയിലും പച്ചക്കറി വില തീരെ കുറഞ്ഞു. കണ്ണൂർ, കാസർഗോഡ്, മലപ്പുറം ജില്ലകളിൽ യാത്രാ നിരോധനം കർശനമായി തുടരുന്നതിനാൽ വടക്കൻ ജില്ലകളിൽ പച്ചക്കറി വില്പന കുറഞ്ഞു. ഈ ജില്ലകളിലേക്ക് പച്ചക്കറി നൽകുന്ന കർണാടകയിലെ പച്ചക്കറി വില ഇതോടെ ഇടിഞ്ഞു.
കർണാടകത്തിൽ പച്ചക്കറി വിറ്റഴിക്കാൻ കർഷകർ ബുദ്ധിമുട്ടുകയാണ്.പച്ചക്കറി വിപണിയിലെ വിലയിടിവ് കേരളത്തിലെ കർഷകരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ ഹോർട്ടികോർപ്പ് വഴി പച്ചക്കറി സംഭരണം തുടങ്ങി.
വാഴക്കുളത്തു നിന്ന് പൈനാപ്പിൾ സംഭരണവും വട്ടവടയിൽ നിന്ന് പച്ചക്കറി സംഭരണവും ആരംഭിച്ചു. പൈനാപ്പിൾ കിലോയ്ക്ക് 15 രൂപ മുതലാണ് തിരുവനന്തപുരം ചാലയിലെ വില. തക്കാളി, തൊണ്ടൻമുളക്, കാബേജ് എന്നിവ കിലേയ്ക് 20 രൂപമുതൽ വിൽക്കുന്നു.
ഈ സാധനങ്ങൾക്കെല്ലാം ലോക്ഡൗണിനു മുന്പ് കിലോയ്ക്കു 40 രൂപയായിരുന്നു. ഉത്പാദന കേന്ദ്രങ്ങളിലും സംസ്ഥാനത്തെ വിപണിയിലും പച്ചക്കറിക്കും പല വ്യജ്ഞനങ്ങൾക്കും ക്ഷാമം ഇല്ലെന്നും വാങ്ങാൻ കുറച്ചുപേർ മാത്രമേ എത്തുന്നുള്ളൂവെന്നും വ്യാപാരി വ്യവസായി ഓകോപന സമിതി ചാല യൂണിറ്റ് സെക്രട്ടറി ചിദംബരം പറഞ്ഞു.