പത്തനംതിട്ട: തണ്ണിത്തോട് കോവിഡ് നിരീക്ഷണത്തിലായിരുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച കേസിലെ പ്രതികളായ മൂന്നു പേർ കീഴടങ്ങി. സിപിഎം പ്രവർത്തകരും തണ്ണിത്തോട് സ്വദേശികളുമായ നവീൻ, ജിൻസൻ, സനൽ എന്നിവരാണ് കീഴടങ്ങിയത്.
നേരത്തെ തണ്ണിത്തോട് മേക്കണ്ണം മോഹനവിലാസത്തിൽ രാജേഷ്, തണ്ണിത്തോട് അശോകവിലാസത്തിൽ അജേഷ്, തണ്ണിത്തോട് പുത്തൻപുരയിൽ അശോകൻ എന്നിവരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർഥിനിയുടെ വീടിനു നേരേ കല്ലെറിയുകയും വീടിന്റെ അടുക്കള ഭാഗത്തെ കതക് ചവിട്ടിപൊളിയ്ക്കുകയും ചെയ്തത്. കഴിഞ്ഞമാർച്ച് 19ന് കോയമ്പത്തൂരിൽ നിന്നും വീട്ടിൽ എത്തിയ വിദ്യാർഥിനി വീട്ടിൽ നിരീക്ഷണത്തിലാകുകയായിരുന്നു.
ആരോഗ്യ വകുപ്പ് വീട്ടിൽ നോട്ടീസും പതിച്ചിരുന്നു.പെണ്‍കുട്ടിയുടെ പിതാവ് കേബിൾ ഓപ്പറേറ്ററായതിനാൽ മകൾ വന്നശേഷം ഇദ്ദേഹം ഓഫീസിലാണ് താമസം.
പിതാവ് റോഡിൽ ഇറങ്ങി നടക്കുന്നതിന്റെ പേ രിൽ തണ്ണിത്തോട്ടിലെ ഒരു വാട്സാപ്പ് ഗ്രൂപ്പ് വഴി ഈ കുടുംബത്തെ അപകീർത്തീപ്പെടുത്തുന്ന രീതിയിലുള്ള പ്രചരണങ്ങൾ വ്യാപകമായി നടത്തിയതോടെ പെ ണ്‍കുട്ടി മുഖ്യമന്ത്രിക്കും സൈബർ സെല്ലിനും പരാതി നൽകിയതിന്റെ തൊട്ടടുത്ത ദിവസമാണ് വീടിനു നേരെ ആക്രമണം ഉണ്ടായത്.