തൃശൂര്‍: ഈസ്റ്ററിനോടനുബന്ധിച്ച് മല്‍സ്യ, മാംസം മാര്‍ക്കറ്റുകളില്‍ വന്‍ തിരക്ക്. ലോക് ഡൗണ്‍ ആരംഭിച്ചതു മുതല്‍ അടച്ചിട്ടിരുന്ന തൃശൂര്‍ ശക്തന് തമ്പുരാന് നഗറിലെ മല്‍സ്യ മാര്‍ക്കറ്റ് ഇന്നാണ് തുറന്നത്. ബീഫ് കച്ചവട കേന്ദ്രങ്ങളിലും വന്‍ തിരക്കായിരുന്നു. മിക്കയിടത്തും നീണ്ട ക്യൂ തന്നെ പ്രത്യക്ഷപ്പെട്ടു.
മല്‍സ്യ മാര്‍ക്കറ്റില്‍ മത്തി പോലുള്ള ചെറിയ മല്‍സ്യങ്ങള്‍ വളരെ കുറവായിരുന്നു. ഏട്ട, ചൂര എന്നീ കടല്മല്സ്യങ്ങളും വാള, പിരാന, കട്ള, ചെമ്മീന്‍ തുടങ്ങിയ വളര്‍ത്തു മല്‍സ്യങ്ങളുമാണ് വിപണിയിലു ണ്ടായിരുന്നത്.
മല്‍സ്യത്തിനു വന്‍ വിലയാണ്. മത്തിക്കു കിലോയ്ക്ക് മുന്നൂറു രൂപയായി. മറ്റിനങ്ങളുടെ വില: ഏട്ട -300, വാള -250, വറ്റ -350, ചെമ്മീന്‍ -250, ചൂര -200, ഫിലോപ്പി -140.
മല്‍സ്യബന്ധനവും മല്‍സ്യ വിപണിയും ലോക് ഡൗണില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെയാണ് ഒഴിവാക്കിയത്. മല്‍സ്യബന്ധനം പുനരാരംഭിച്ചതോടെ ഇന്നു മുതല്‍ കൂടുതല്‍ മല്‍സ്യം വിപണിയില്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
കര്‍ശന പരിശോധനയ്ക്കുശേഷമാണ് മല്സ്യവുമായുള്ള വാഹനങ്ങള്‍ ശക്തന് മാര്‍ക്കറ്റിലേക്ക് കടത്തിവിട്ടത്.വിഷു അടുത്തിരിക്കേ, ശക്തന് നഗര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ഇന്നു പച്ചക്കറികളുമായി ധാരാളം ലോറികള്‍ എത്തിയിരുന്നു.
പച്ചക്കറി ഇനങ്ങള്‍ക്കു കാര്യമായ വിലവര്‍ധന ഇല്ല. മാര്‍ക്കറ്റുകളിലേക്ക് നിയന്ത്രിതമായും അണുമുക്ത കവാടങ്ങളിലൂടേയുമാണ് ആളുകളെ കയറ്റിവിട്ടത്.
ഇറച്ചിക്കോഴി വാങ്ങാനും ഇന്ന് തിരക്ക് അനുഭവപ്പെട്ടു. കിലോയ്ക്ക് 127 രൂപയാണു വില.