തൃശൂര്‍ : വേനല്‍ കടുത്തതോടെ ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ജല ക്ഷാമം അനുഭവപെടുന്നത് കണക്കിലെടുത്ത് മലമ്പുഴ ഡാം തുറന്നുവിടുന്നതിനു നടപടിയായതായി യു. ആര്. പ്രദീപ് എംഎല്‍എ അറിയിച്ചു.
കേരളാ വാട്ടര്‍ അഥോറിറ്റിയുടെ പമ്പ് ഹൗസുകള്‍ക്ക് യഥേഷ്ടം വെള്ളം പമ്പ്ചെയ്യുന്നതിനായി ഡാം തുറന്നു വിടുന്നതിനു നടപടി സ്വീകരിക്കണം എന്നു കാണിച്ച് എഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയിരുന്നു.
ഈ കത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനു വേണ്ടി ജലവിഭവ വകുപ്പു അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദ്ദശിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ മലമ്പുഴ ഡാം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആവശ്യമായ നടപടി സ്വീകരിച്ചു.
ചേലക്കര നിയോജകമണ്ഡലത്തിലെ വാട്ടര്‍ അഥോറിറ്റിയുടെ പൈങ്കുളം, തൊഴുപാടം എന്നി പമ്പ് ഹൗസുകള്‍ക്ക് വെള്ളം പമ്പ് ചെയ്യുന്നതിനു ഭാരതപ്പുഴയില്‍ ആവശ്യമായ നീരൊഴുക്കും ജല ലഭ്യതയും ഇല്ലാത്തതിനാല്‍ മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലെ ആയിരകണക്കിന് കുടുംബങ്ങള്‍ ശുദ്ധ ജല ക്ഷാമത്തിന്റെ പിടിയിലാണെന്നും ഇതോടൊപ്പം എംഎല്‍എ, എംപി, തദേശസ്വയംഭരണ വകുപ്പ് എന്നിവ മുഖേന പണിതീര്‍ത്ത ശുദ്ധജല പദ്ധതികള്‍ക്കും വെള്ളമില്ലാത്ത അവസ്ഥയാണെന്നും എംഎല്‍എ കത്തില്‍ ചുണ്ടി കാട്ടിയിരുന്നു.
ഏപ്രില്‍, മെയ് മാസങ്ങളില്‍ കുടിവെള്ള പദ്ധതികളുടെ പമ്പ് ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ജല ലഭ്യത ഉറപ്പു വരുത്തുന്നതിന്, ഇടവിട്ടാണ് മലമ്പുഴ ഡാം തുറക്കുക. മംഗലം, പോത്തുണ്ടി ഡാമുകളില്‍ ജല ലഭ്യത കുറവുള്ളത് കൊണ്ട് അവ തുറന്ന് ഗായത്രി പുഴയിലെ നീരൊഴുക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്.