തൃശൂര്‍: വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിക്കെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍.പ്രതാപന് എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറിനും സഹമന്ത്രി വി. മുരളീധരനും കത്തയച്ചു.
ഇന്ത്യ അന്താരാഷ്ട്ര ടെര്‍മിനലുകള്‍ തുറന്നാല്‍ ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് പല രാജ്യങ്ങളും പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ നാട്ടിലേക്ക് വരണം എന്നാഗ്രഹിക്കുന്ന പ്രവാസികളെ എത്ര ബുദ്ധിമുട്ടിയാണെങ്കിലും കൊണ്ടുവരണം.
വുഹാനില്‍നിന്ന് വിദ്യാര്‍ഥികള്‍ അടക്കമുള്ള സംഘത്തെ ഇന്ത്യയില്‍ എത്തിച്ചപ്പോള്‍ ചെയ്തതുപോലെ പ്രത്യേക ക്വാറന്റൈന്, ഐസൊലേഷന്‍ സംവിധാനങ്ങള്‍ തയാറാക്കുകയും മറ്റു മുന്‍കരുതലുകള്‍ എടുക്കുകയുമാവാം.
പ്രവാസികള്‍ രാജ്യത്തിന് നല്കിയ സംഭാവനകള്‍ക്ക് തിരിച്ചെന്തെങ്കിലും ചെയ്യാനുള്ള സന്ദര്‍ഭമായെങ്കിലും ഇതിനെ കാണണമെന്നും ടി.എന്‍. പ്രതാപന് എംപി കത്തില്‍ സൂചിപ്പിക്കുന്നു.
യൂറോപ്പിലും ഏഷ്യയുടെ തെക്കുകിഴക്കന്‍ ഭാഗങ്ങളിലും അമേരിക്കന്‍ വന്‍കരകളിലുമെല്ലാം നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരുണ്ട്. അവിടുത്തെ ഭരണാധികാരികളുമായി നയതന്ത്രപരമായ ഇടപെടലുകള്‍ നടത്താനും കേന്ദ്രസര്‍ക്കാര്‍ മുതിരണമെന്നും ടി.എന്‍. പ്രതാപന് ആവശ്യപ്പെട്ടു.