നീലേശ്വരം: ലോകമാകെ മഹാമാരിയോട് പൊരുതുമ്പോള്‍ അന്നംതരുന്ന നാടിന് ഒരു കൈ സഹായം നല്കാന് അതിഥി തൊഴിലാളിയും. കാസര്‍ഗോഡ് ജില്ലയിലെ ബങ്കളം കൂട്ടപ്പുന്നയില് താമസിക്കുന്ന രാജസ്ഥാനിലെ വീര്‍പൂര്‍ സ്വദേശിയായ വിനോദ് ജംഗിതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5,000 രൂപ സംഭാവന നല്‍കിയത്.
കൂട്ടുകാരനായ മുകേഷ് ചന്ദ് ജംഗിതിനൊപ്പം നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തി ഇന്‍സ്പെക്ടര്‍ എം.എ. മാത്യുവിനാണ് തുക കൈമാറിയത്. ഇപ്പോള്‍ 30 വയസുള്ള വിനോദ് 18-ാം വയസിലാണ് ജോലിതേടി കേരളത്തിലേക്ക് വണ്ടികയറിയത്.
ഒന്നുമില്ലായ്മയില്‍ നിന്ന് രക്ഷപ്പെടാന്‍ തീരെ ചെറുപ്രായത്തില്‍ ജോലിതേടിയെത്തിയ തനിക്ക് എല്ലാം നേടിത്തന്നത് ഈ നാടിന്റെ സ്നേഹവായ്പുകളാണെന്ന് വിനോദ് പറയുന്നു.
മാര്‍ബിള്‍ തൊഴിലാളിയായി കേരളത്തിന്റെ പലഭാഗങ്ങളിലും ജോലിചെയ്തിരുന്നു. ഇപ്പോള്‍ സ്വന്തം നിലയില്‍ മാര്‍ബിള്‍-ഗ്രാനൈറ്റ് കോണ്ട്രാക്ടര് ആയി വളര്‍ന്നു. സ്വന്തം നാട്ടില്‍ നിന്നുള്ള അഞ്ച് യുവാക്കള്‍ ഇപ്പോള്‍ വിനോദിന് കീഴില്‍ ജോലിചെയ്യുന്നുണ്ട്. ഭാര്യ ജ്യോതിക്കും മകള്‍ കനകിനുമൊപ്പമാണ് കൂട്ടപ്പുന്നയില് താമസിക്കുന്നത്.