കുമരകം: പൂക്കടകൾ അടച്ചുപോയി എന്നതിനാൽ നിശ്ചയിച്ച കല്യാണത്തിന് എത്രനാൾ അവധി പറയാനാകും. സുഗന്ധ പുഷ്പങ്ങളുടെ മാലയ്ക്കു വഴിയില്ലാതെ വന്നപ്പോൾ വഴിയോരപ്പാടത്തെ താമരപ്പൂ പറിച്ചു മാലയാക്കി സനീഷും വീണയും വരണമാല്യം ചാർത്തി.
മുല്ല, ജമന്തി, റോസ് പൂക്കളുടെ വരവ് നിലച്ചതിനാൽ താനേ കിളിർത്ത താമരയിൽനിന്നും മൊട്ടുകളും പൂക്കളും കോർത്താണു മാലയുണ്ടാക്കിയത്.
പാത്താമുട്ടം നാരകായറംന്പിൽ കെ.ആർ. ദേവരാജൻ – ശ്യാമള ദന്പതികളുടെ മൂത്ത മകൻ സനീഷും കുമരകം കൃഷ്ണവിലാസം തോപ്പിൽ പരേതനായ ഷാജി-പൊന്നമ്മ ദന്പതികളുടെ മകൾ വീണയുമാണ് വ്യാഴാഴ്ച വിവാഹിതരായത്.
മാർച്ച് 30ന് ഇവരുടെ വിവാഹം നടത്താൻ ജനുവരി നാലിന് നിശ്ചയിച്ചതാണ്. ലോക്ക് ഡൗണ്‍ വന്നതിനാൽ വിവാഹത്തിന് അനുമതി ലഭിക്കാതെ മാറ്റിവച്ചു. നിശ്ചയിച്ച ശുഭമുഹൂർത്തം ഇന്നലെ രാവിലെ 10നും 10.30നും മധ്യേയായിരുന്നു.
ഓഫീസ് അവധിയായതിനാൽ വിവാഹ പത്രിക കൈമാറ്റവും മറ്റും മുടങ്ങിയെന്നു മാത്രം. ഒന്‍പത് പേർ മാത്രം വിഹാഹച്ചടങ്ങിൽ പങ്കെടുത്തു.
കോട്ടയം-കുമരകം റോഡരികിൽ വടക്കേ കോന്നക്കരി പാടത്തു വിരിഞ്ഞ താമരപ്പൂക്കൾ പറിച്ചായിരുന്നു ഹാരമുണ്ടാക്കിയത്. കുമരകം പടിഞ്ഞാറും ഭാഗം 155-ാം നന്പർ എസ്എൻഡിപിയുടെ ഗുരുമന്ദിരത്തിലായിരുന്നു ചടങ്ങ്. തണ്ണിമത്തൻ ജ്യൂസ് മാത്രമായിരുന്നു വിവാഹാനന്തര സത്കാരം.