പത്തനംതിട്ട: രണ്ട് അതിഥിത്തൊഴിലാളികളെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോവിഡ് 19 പശ്ചാത്തലത്തില്‍ സ്രവ പരിശോധനയ്ക്കുശേഷം മാത്രമേ മൃതദേഹം മറവു ചെയ്താല്‍ മതിയെന്ന് ആരോഗ്യവകുപ്പ്. ഇരുവരുടെയും സ്രവം പരിശോധനയ്ക്കെടുത്തു.
വെണ്ണിക്കുളത്ത് ബംഗാള്‍ സ്വദേശി ബല്‍ബീര്‍ മാങ്കല്‍ (കമല്‍-36) ഇന്നലെ രാവിലെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ വിളിച്ചെങ്കിലും എഴുന്നേല്‍ക്കാതെ വന്നപ്പോള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബല്‍ബീര്‍ താമസിച്ചിരുന്ന കെട്ടിടത്തിലെ മറ്റ് 48 തൊഴിലാളികളോടു പരിശോധനാഫലം പുറത്തുവരുന്നതുവരെ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പന്തളത്ത് ഒഡീഷ സ്വദേശി സുലൈമാന്‍ ഹുയാനെ (30) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയോടൊപ്പം ഷെഡില്‍ കഴിഞ്ഞിരുന്ന ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.