സ്വന്തം ലേഖകന്‍
തൃശൂര്‍: പന്ത് കാലുകൊണ്ട് തൊട്ടിട്ട് ദിവസങ്ങളായെന്ന ഐ.എം.വിജയന്റെ പരാതി മാറി. കേരള പോലീസ് ടീമിലെ സകലരും പന്തുമായി വീട്ടിനകത്ത് കളി തുടങ്ങി.
കേരള പോലീസ് ടീമിലെ എല്ലാ കളിക്കാരേയും അണിനിരത്തി തയാറാക്കിയ വീഡിയോ കായിക കേരളം ഏറ്റെടുത്തു കഴിഞ്ഞു. ലോക്ക്ഡൗണ്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ജില്ലകളില്‍ സേവനമനുഷ്ഠിക്കുന്ന കേരള പോലീസ് ടീമിലെ എല്ലാവരേയും കോര്‍ത്തിണക്കി വീടിനകത്ത് പന്തു തട്ടിക്കളിക്കുന്ന രീതിയില്‍ ഒരു വീഡിയോ ചെയ്യാന്‍ എഡിജിപി മനോജ് എബ്രഹാം നിര്‍ദ്ദേശിച്ചതനുസരിച്ചാണ് തൃശൂരിലിരുന്ന് ഐ.എം. വിജയന് വീഡിയോ ചെയ്തത്.
ടീമിലെ എല്ലാവരേയും ഒരു ഫോണ്‍ കോളിലൂടെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ടീം അംഗങ്ങള്‍ ഓരോരുത്തരായി വീഡിയോ അയച്ചു കൊടുത്തു.
വീടിനകത്തും പോര്‍ച്ചിലുമൊക്കെ പന്ത് തട്ടിക്കളിക്കുന്ന ദൃശ്യങ്ങള്‍. പാസുകളും സേവുകളും ഷോട്ടുകളും ഹെഡറും എല്ലാം ചേര്‍ന്ന ദൃശ്യവിരുന്ന്.
രണ്ടു ദിവസം കൊണ്ടാണ് വിജയനും പിള്ളേരും സംഗതി റെഡിയാക്കിയത്. കോവിഡ് കാലത്തെ ലോക്ഡൗണ്‍ ഡ്യൂട്ടിയിലാണെങ്കിലും പന്തു കളി മുടക്കരുതെന്നും വീട്ടിനു പുറത്തിറങ്ങരുതെന്നും വീട്ടിനകത്തിരുന്ന് തന്നെ ചെറിയ രീതിയില്‍ പ്രാക്ടീസ് നടത്തണമെന്നുമുള്ള സന്ദേശം കൂടി കായികലോകത്തിന് നല്കാന് ഈ വീഡിയോയിലൂടെ സാധിക്കുന്നുണ്ട്.
2010ലെ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ഗാനമായ ഗിവ് മി ഫ്രീഡം, ഗിവ് മി ഫയര്‍ എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് താരങ്ങള്‍ വീട്ടിനകത്തും മുറ്റത്തും കളിച്ചുതിമര്ക്കുന്നത്.